കോഴിക്കോട് മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തം: ദുരൂഹതയെന്ന് കോര്‍പ്പറേഷന്‍; ഇന്ന് ഫോറന്‍സിക് പരിശോധന


 

കോഴിക്കോട് : വെസ്റ്റ് ഹില്ലിലെ മാലിന്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് കോര്‍പ്പറേഷന്‍. തീപിടിത്തം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വെള്ളയില്‍ പൊലീസിനും പരാതി നല്‍കിയിരുന്നു. 

സംഭവത്തില്‍ അട്ടിമറിയുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ആരോപിക്കുന്നത്. പ്ലാന്റിന്റെ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നല്ല തീ പടര്‍ന്നതെന്ന് കെഎസ്ഇബി അറിയിച്ചു. സംഭവത്തില്‍ ഫോറന്‍സിക് സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.

അതേസമയം മാലിന്യ പ്ലാന്റിന് സമീപത്തെ കെട്ടിടത്തില്‍ വൈദ്യുതി ബന്ധമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടിച്ചതെന്നാണ് കോര്‍പ്പറേഷന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തീപിടുത്തത്തിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചുവെന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആരോപിച്ചു.

10 ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാലിന്യ പ്ലാന്റിൽ പടർന്നുപിടിച്ച തീ അണച്ചത്.
Previous Post Next Post