തിരുവനന്തപുരം: ലോകത്തിന് മാതൃകയായി മാറുന്ന ഒരു വൈജ്ഞാനിക സമ്പദ്‌വ്യസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ സംസ്ഥാനത്തിന്റെ വികസന മാതൃക ഒട്ടേറെ മേഖലകളിൽ കേരളത്തെ മുന്നോട്ട് നയിച്ചിട്ടുണ്ട്. അത്തരം നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട് വികസിത നിലവാരത്തിലുള്ള ഒരു സമ്പദ്ഘടനയായി കേരളത്തെ മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ നെറ്റ് വർക്ക് ഫോർ ഇക്കണോമിക്സ് ഓഫ് ലേർണിംഗ് ഇന്നവേഷൻ ആൻഡ് കോംപീറ്റൻസ് ബിൽഡിങ് സിസ്റ്റംസിന്റെ ( ഗ്ലോബലിക്സ് ) ഇരുപതാമത് രാജ്യാന്തര സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള കേരളത്തിന്റെ മാനവ വികസനം വികസിത രാജ്യങ്ങളുടേതിന് തുല്യമാണെന്ന് കാണാം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ലോക നിലവാരത്തിനൊപ്പമാണ് കേരളം . മാനവ വികസന സൂചികകളിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെക്കാളും ഏറെ മുന്നിലാണ് കേരളത്തിന്റെ നില. സുസ്ഥിര വികസന സൂചികകളിലും മുന്നിലാണ് സംസ്ഥാനം. മികച്ച മാനവശേഷി ലോകത്തെ വിവിധ രാജ്യങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞു എന്നതും എടുത്തു പറയത്തക്ക പ്രത്യേകതയാണ്. സംസ്ഥാനത്തിന്റെ സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റത്തിന് ആഗോള ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ട്.
ഇന്റർനെറ്റ് സേവന മേഖലയിലെ അസമത്വം പരിഹരിക്കുന്നതിനും ഡിജിറ്റൽ സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനും സംസ്ഥാനം കെ – ഫോൺ പദ്ധതി ഇതിനകം പ്രാവർത്തികമാക്കിയിട്ടുണ്ട്. എന്നാൽ വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്ക് കേരളത്തെ വികസിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ഇവിടെ തന്നെ ഉചിതമായ ജോലി ലഭ്യമാക്കുന്നതിനുള്ള യത്നത്തിലാണ് കേരളം. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന ആശയം തന്നെ.
എന്നാൽ ഉല്പാദന മേഖല കൂടുതൽ ശക്തമാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാനം നേടുന്നതിനുള്ള പുതിയ അവസരങ്ങൾ ഉണ്ടാക്കുക തുടങ്ങിയ വെല്ലുവിളികളാണ് ഇന്ന് കേരളം നേരിടുന്നത്. ശാസ്ത്രം, സാങ്കേതിക വിദ്യ, വിജ്ഞാനം തുടങ്ങിയ മാർഗങ്ങളാണ് ഇതിനെ മറി കടക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന പോംവഴികൾ . ഡിജിറ്റൽ മേഖലയുടെ കുത്തകവത്കരണത്തിൽ സംസ്ഥാനത്തിന് ആശങ്കയുണ്ട്. അതുകൊണ്ടാണ് കെ – ഫോൺ പോലുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2026ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് കേരളം ലക്ഷ്യമിടുന്നതെന്ന് ഉദ്ഘടന ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. അഭ്യസ്തവിദ്യരായ ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് കേരളം നടത്തുന്നത് . ഉന്നത വിദ്യാഭ്യാസത്തിന്റെ നവീകരണത്തിലൂടെ കേരളത്തെ വികസിത സമ്പദ്‌വ്യവസ്ഥകൾക്ക് ഒപ്പമെത്തിക്കുകയാണ് ലക്‌ഷ്യം. ഇതിനായി ഇന്ത്യയിൽ ആദ്യമായി ഒരു ആർ ആൻഡ് ഡി ബജറ്റ് അവതരിപ്പിച്ചത് കേരളമാണ്. വരും വർഷങ്ങളിലും ഇത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു
ഗ്ലോബലിക്സ് പ്രസിഡന്റ് എറീക്ക ക്രെയ്‌മർ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫസർ വി. കെ രാമചന്ദ്രൻ, ആർ ഐ എസ് ഡയറക്ടർ പ്രഫസർ സച്ചിൻ ചതുർവേദി, ഐ ഐ എം ബാംഗ്ളൂർ ഡയറക്ടർ പ്രഫസർ ഋഷികേശ ടി. കൃഷ്ണൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഗിഫ്റ്റ് ഡയറക്ടറും ഗ്ലോബലിക്സ് സെക്രട്ടറി ജനറലുമായ പ്രഫസർ കെ ജെ ജോസഫ് സ്വാഗതവും അസിസ്റ്റന്റ് പ്രഫസർ കിരൺ കുമാർ കക്കർലാപുടി കൃതജ്ഞതയും പറഞ്ഞു.
തുടർന്ന് നടന്ന ആദ്യ സെഷനിൽ നെതർലാൻസിലെ യു എൻ യു മെറിറ്റിലെ പ്രഫസർ ലുക്ക് സോട്ടെ, ഉറുഗ്വേയിലെ റിപ്പബ്ലിക് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ജൂഡിത്ത് സറ്റ്സ്, ഡെന്മാർക്കിലെ ആൽബോർഗ്ഗ് സർവകലാശാലയിലെ പ്രഫസർ ബെൻ ആക് ലുൻദ്വാൾ, മുൻ ധനകാര്യ മന്ത്രി ഡോ ടി. എം തോമസ് ഐസക്ക് എന്നിവർ സംസാരിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ നടക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകളിൽ 50ൽ പരം രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക, സാമൂഹ്യ മേഖലകളിലെ വിദഗ്ദർ പങ്കെടുക്കും.
ഗുലാത്തി ഇൻസ്ടിടുഷൻ ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ( ഗിഫ്റ്റ് ), ആർ ഐ എസ് , കെ – ഡിസ്ക്, കേരള ഡിജിറ്റൽ സർവകലാശാല എന്നിവ സംയുക്തമായാണ് അന്താരാഷ്ട്ര സമ്മേളനത്തിന് വേദി ഒരുക്കിയത്. ഇത് രണ്ടാം തവണയാണ് കേരളം ഗ്ലോബലിക്സിന്റെ വാർഷിക സമ്മേളനത്തിന് കേരളം വേദിയാകുന്നത്.