പാറശ്ശാല ഷാരോൺ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരാണ് ഹർജി നൽകിയത്. കഴിഞ്ഞ 25 നാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ഷാരോൺ വധക്കേസ് കേരളാ പൊലീസാണ് അന്വേഷിച്ചത്. അന്വേഷണത്തിന് ശേഷം നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ഫയൽ ചെയ്തത്.
എന്നാൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്നാണ് ഗ്രീഷ്മയും കേസിലെ മറ്റ് രണ്ട് പ്രതികളും സുപ്രീം കോടതിയിൽ സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
കുറ്റകൃത്യം നടന്നതായി പൊലീസ് പറയുന്ന സ്ഥലം തമിഴ്നാട്ടിലാണ്. അതിനാൽ നാഗർകോവിലിലെ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നാണ് പ്രതികളുടെ വാദം. കഴിഞ്ഞ 25 നാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിറ്റേദിവസം ഗ്രീഷ്മ ജയില്‍ മോചിതയായി. കാമുകന്‍ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.