കെഎസ്ആർടിസി ബസിൽ വാഴപ്പഴം മുതൽ പച്ചക്കറിവരെ കൊറിയറാക്കാം; കർഷക കൂട്ടായ്മകളുമായി ധാരണയായി



 തിരുവനന്തപുരം: കൊറിയർ സർവീസ് നേട്ടമായതോടെ കാർഷിക ഉൽപ്പനങ്ങൾ ഉൾപ്പെടുത്തി പദ്ധതി വിജയിപ്പിക്കാനുള്ള നീക്കവുമായി കെഎസ്ആർടിസി. പച്ചക്കറി മുതൽ വാഴപ്പഴം വരെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് അയക്കാനുള്ള പദ്ധതിയാണൊരുങ്ങുന്നത്. ഇതുവഴി പ്രതിദിനം 15 ലക്ഷം രൂപയാണ് കെഎസ്ആർടിസി ലക്ഷ്യമാക്കുന്നത്.കോർപറേഷൻ നാലുമാസം മുൻപ് ആരംഭിച്ച കൊറിയർ സർവീസ് സംവിധാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതുവഴി പ്രതിദിനം ഒരു ലക്ഷം രൂപയാണ് വരുമാനം. ഇതോടെയാണ് കൊറിയർ പദ്ധതിയിലേക്ക് കാർഷിക ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. പദ്ധതിക്കായി ആദ്യഘട്ടത്തിൽ യാത്രാ ബസിലെ അവസാന ഒന്ന് രണ്ട് സീറ്റുകൾ മാറ്റിവെക്കും. നീക്കം വിജയമാകുന്നതോടെ കെഎസ്ആർടിസി വാനുകൾ ഉപയോഗിക്കും. കിലോയ്ക്ക് അഞ്ച് രൂപയാണ് യാത്രാക്കൂലിയായി ഈടാക്കുക.ആദ്യഘട്ടത്തിൽ വയനാട്ടിൽ നിന്ന് വാഴപ്പഴം തിരുവനന്തപുരം, എറണാകുളമടക്കമുള്ള വിപണികളിലെത്തിക്കാൻ കർഷക കൂട്ടായ്മയും കെഎസ്ആർടി സിയും ധാരണയായി. ഇടുക്കി വട്ടവടയിൽ നിന്നുള്ള പച്ചക്കറി മറ്റ് സ്ഥലങ്ങളിലെത്തിക്കാൻ കർഷക കൂട്ടായ്മകൾ കെഎസ്ആർടിസിയെ സമീപിച്ചിട്ടുണ്ട്. ഇതേ രീതിയിൽ തീരദേശ ഡിപ്പോകളിൽ നിന്ന് മത്സ്യം മറ്റ് സ്ഥലങ്ങളിൽ എത്തിക്കാനുള്ള പദ്ധതിയും കെഎസ്ആർടിസിക്കുണ്ട്.കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് മാനന്തവാടി ഡിപ്പോയിൽ നിന്ന് നാളെ ആരംഭിക്കും. കെഎസ്ആർടിസിയുടെ സ്വന്തം കൊറിയർ & ലോജിസ്റ്റിക് യൂണിറ്റ് മാനന്തവാടി ഡിപ്പോയിൽ (താഴെയങ്ങാടി) നാളെ രാവിലെ 11 മണിക്ക് ബഹു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയുടെ അധ്യക്ഷതയിൽ എംഎൽഎ ഒ ആർ കേളു ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കും. വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 9188619368 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - +919497722205 ബന്ധപ്പെടാവുന്നതാണ്.


Previous Post Next Post