ഈ ആശുപത്രിയിലെത്തുന്നവർക്ക് ഇനി വസ്ത്രങ്ങൾ ഫ്രീയാണ്; അപകടം പറ്റിയെത്തുന്നവർക്കും, ശസ്ത്രക്രിയകൾക്ക് വിധേയമാകുന്നവർക്കും പ്രയോജനപ്പെടുത്താം



ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രസവ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്കും മറ്റു ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികൾക്കും അപകടത്തിൽ പെടുന്നവർക്കും ഇനി ആശുപത്രിയിൽ നിന്നു തന്നെ വസ്ത്രങ്ങൾ ലഭ്യമാകും. പ്രധാനമായും അപകടത്തിൽ പെട്ട് ഗുരുതര പരിക്കുപറ്റി ആശുപത്രിയിൽ എത്തുന്നവർക്ക് അടിയന്തര ചികിത്സ നൽകിയ ശേഷം വണ്ടാനം അടക്കമുള്ള ആശുപത്രിയിലേക്ക് അയയ്ക്കുമ്പോൾ ഇവർ മുൻപ് ധരിച്ചിരുന്ന വസ്ത്രം മാറ്റേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.കൂടെ ആളില്ലാതിരുന്ന ഇത്തരം ആളുകൾക്ക് സന്നദ്ധപ്രവർത്തകരാണ് പുറത്തുനിന്നും വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നത്. എന്നാൽ അപകടം പറ്റിയത്തുന്നവർക്കടക്കം ഏറെ പ്രയോജനകരമാകുന്ന പദ്ധതിയുമായാണ് അസോഷൻ ഓഫ് ചാരിറ്റബിൾ ആൻ്റ് കൾച്ചറൽ ഓർഗനൈസേഷൻ ഓഫ് കേരള (ACCOK) രംഗത്ത് എത്തിയിരിക്കുന്നത്. ദിവസേന നൂറുകണക്കിന് ആളുകൾക്ക് വിശപ്പകറ്റുന്ന ഭക്ഷണ അലമാരയിലൂടെ നടപ്പിലാക്കുന്ന വിശപ്പു രഹിത കായംകുളം പദ്ധതിയുടെ വിജയകരമായ ആയിരം ദിവസങ്ങൾ പിന്നിടുമ്പോഴാണ് രോഗികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ വസ്ത്രങ്ങൾ ലഭ്യമാക്കുന്ന ഡ്രസ്സ് ബാങ്ക് പദ്ധതിയുമായി അക്കോക്ക് രംഗത്ത് വന്നിരിക്കുന്നത്.അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കായംകുളം താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് പ്രയോജനകരമാകുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻറെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രിയിൽ ഡ്രസ്സ്‌ ബാങ്ക് സ്ഥാപിച്ചു. അക്കോക്ക് ഭക്ഷണലമാരയുടെ ആയിരം ദിനത്തിന്റെ ഭാഗമായാണ് കായംകുളം താലൂക്ക് ആശുപത്രിയിൽ ഡ്രസ്സ് ബാങ്ക് സ്ഥാപിച്ചത്. ആശുപത്രിയിലെ ലേബർ റൂമിന്റെ മുൻവശത്ത് സ്ഥാപിച്ച ഡ്രസ്സ് ബാങ്ക് ഡെലിവറിക്കു എത്തുന്ന സ്ത്രീകൾ, സർജറിക്ക് വിധേയമായ രോഗികൾ, അപകടത്തിൽ പെടുന്നവർ എന്നിവർക്കാശ്വാസമേകുന്ന പദ്ധതിയാണ്. ഡ്രസ്സ് ബാങ്ക് പദ്ധതി കായംകുളം നഗരസഭ ചെയർപേഴ്സൺ പി ശശികല ഉദ്ഘാടനം ചെയ്തു.

അക്കോക്ക് കായംകുളം മണ്ഡലം പ്രസിഡന്റ് നാസർ പുല്ലുകുളങ്ങര അധ്യക്ഷത വഹിച്ചു. അക്കോക്ക് കായംകുളം മണ്ഡലം സെക്രട്ടറി ഷാനവാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ അക്കോക്ക് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷമീർ ബിഡിസി ആമുഖപ്രസംഗം നടത്തി. അക്കോക്ക് ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രഭാഷ് പാലാഴി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ അക്കോക്ക് സംസ്ഥാന രക്ഷാധികാരി അബ്ബാ മോഹൻ, വനിതാ പ്രവർത്തകർ എന്നിവർ ചേർന്ന് ഡ്രസ്സ് ബാങ്കിലേക്കുള്ള ആദ്യ ഡ്രസ്സ്‌ വിതരണം നടത്തി. പ്രമുഖ ബ്രാൻഡഡ് കമ്പനിയായ ഉടുപ്പീസ് ആയിരുന്നു ഹോസ്പിറ്റലിലേക്കുള്ള ഡ്രസ്സ് ബാങ്ക് സ്പോൺസർ ചെയ്തത്.
Previous Post Next Post