ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം: ബ്രസ്സല്‍സ് വെടിവയ്പ്പോടെ ഉറങ്ങിക്കിടന്ന മൗലികവാദികള്‍ ഉണര്‍ന്ന് യൂറോപ്പിലാകെ ഭീകരത പടര്‍ത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ ബ്രിട്ടീഷ് എംപി; യുകെയില്‍ അടക്കം ഭീകരാക്രമണത്തിന് സാധ്യത



യു .കെ:  രണ്ട് സ്വീഡിഷ് ആരാധകരുടെ ജീവന്‍ കവര്‍ന്ന, ബ്രസ്സല്‍സിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ് മുന്‍ യു കെ ഡിഫന്‍സ് സെലെക്ട് കമ്മിറ്റി ചെയര്‍മാന്‍. ബെല്‍ജിയത്തിന്റെ തലസ്ഥാനത്ത് ആക്രമണം നടത്തിയെന്ന് കരുതപ്പെടുന്ന തോക്കുധാര്‍ ടുണീഷ്യയില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയാണ്. യൂറോ കപ്പില്‍, ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള മത്സരം നടക്കാനിരുന്ന വേദിയില്‍ നിന്നും അഞ്ചു കിലോമീറ്ററോളം ദൂരെയാണ് വെടിവെയ്പ് നടന്നത്.
യു കെയുടെ സുരക്ഷാകാര്യങ്ങളിലും നയതന്ത്ര ബന്ധങ്ങളിലും എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള എം പി, തോബിയാസ് എല്‍വുഡ് എക്സ്പ്രസ്സ് യു കെ യോട് പറഞ്ഞത്, മദ്ധ്യപൂര്‍വ്വ ദേശത്തു നിന്നും തീവ്രവാദികളുടെ ഒരു കുത്തൊഴുക്ക് തന്നെ യൂറോപ്പിലേക്ക് ഉണ്ടാകും എന്ന് ഭയക്കേണ്ടിയിരിക്കുന്നു എന്നാണ്. ബ്രസ്സല്‍സില്‍ നടന്നതുപോലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യപൂര്‍വ്വ ദേശത്തിനും അപ്പുറത്തുള്ള, തീവ്രവാദികളുടെ സ്ലീപ്പര്‍ യൂണിറ്റുകള്‍ ഉണരുന്നു എന്നതിന്റെ സൂചനയാണ് ബ്രസ്സല്‍സ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനും അയല്‍ക്കാര്‍ക്കും ഇടയിലെ സംഘര്‍ഷം കനത്ത സാഹചര്യത്തെ പരാമര്‍ശിച്ചു കൊണ്ട് മുന്‍ സൈനിക ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം പറഞ്ഞത് ഇസ്രയേലിന്റെയും പാശ്ചാത്യ ശക്തികളുടെയും ഭാഗത്തുണ്ടാകുന്ന പ്രവര്‍ത്തനപരവും നയതന്ത്രപരവുമായ തെറ്റുകള്‍ ഒരുപക്ഷെ ജിഹാദി ഗ്രൂപ്പുകളുടെ വളര്‍ച്ചക്ക് കാരണമായേക്കാം എന്നാണ്.
അതിനിടയില്‍, ബ്രസ്സല്‍സിലെ ആക്രമണത്തിന് ഗസ്സയിലെ സംഭവങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു ഫെഡറല്‍ പ്രോസിക്യുട്ടര്‍ ഓഫീസ് വക്താവ് നേരത്തെ പറഞ്ഞത്. പാലസ്തീന്‍ ജനതയ്ക്ക് പിന്തുണയേകുന്ന ചില പോസ്റ്റുകള്‍ അക്രമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതായും വക്താവ് അറിയിച്ചു..ഹമാസ് തീവ്രവാദികളെ ഇല്ലാതെയാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഗസ്സയില്‍ വന്‍ തോതില്‍ ആക്രമണം അഴിച്ചുവിട്ട്, സാധാരണക്കാരുടെ മരണത്തിനിടയാക്കിയാല്‍ ഒരുപക്ഷെ യൂറോപ്പില്‍ തുടരെത്തുടരെ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നു എല്‍വുഡ് പറയുന്നു.
സാധാരണക്കാരെ സംരക്ഷിക്കുന്നതിനും, ഭരണ നിയന്ത്രണത്തിനും, സുരക്ഷക്കും ഉള്ള അടിയന്തിര പദ്ധതി തയ്യാറാക്കാതെ ഇസ്രയേല്‍ ഗസ്സയില്‍ കരയുദ്ധം തുടങ്ങിയാല്‍ ഒരുപക്ഷെ അത് കൂടുതല്‍ ജനങ്ങളെ പാലസ്തീനിയന്‍ പക്ഷത്തേക്ക് മാറ്റിയേക്കുമെന്നും അദ്ദേഹം പറയുന്നു. ആഗോള ശക്തികള്‍ ഒരു സംഗ്രമായ പരിപാടി ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും, അങ്ങനെ നോക്കുമ്പോള്‍ ബൈഡന്റെ ഇസ്രയേല്‍ സന്ദര്‍ശനം കൃത്യ സമയത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post