വരുന്നു ‘തേജ്’ ചുഴലിക്കാറ്റ് ; തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്



തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂണിന് ശേഷമുള്ള ആദ്യ ചുഴലിക്കാറ്റിന് ഇന്ത്യ ‘തേജ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഞായറാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്ന തേജ് ചൊവ്വാഴ്ചയോടെ ഒമാൻ യെമൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്.

ഇന്ത്യൻ തീരത്തെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെന്ന് കരുതപ്പെടുന്നു. എങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 22 ന് തേജ് ചുഴലിക്കാറ്റ് അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്.

ഈ വർഷം അറബിക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റ് ആണ് തേജ്. നിലവിൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും തുലാവർഷത്തിന്റെ ഭാഗമായി കേരളത്തിൽ വ്യാപകമായി മഴയുണ്ടാകാൻ സാധ്യതയുള്ളതായി കരുതപ്പെടുന്നു. തെക്കൻ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴയുണ്ടാകാൻ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വൈകിട്ട് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Previous Post Next Post