പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു



കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി ശോഭീന്ദ്രന്‍. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു സ്ഥിരംവേഷം.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവിയായിരുന്നു. 'പച്ചമനുഷ്യ'നായി നടന്ന ശോഭീന്ദ്രനെ തേടി വനമിത്ര പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്രാ അവാര്‍ഡ്, ഒയിസ്‌ക വൃക്ഷസ്‌നേഹി അവാര്‍ഡ്, ഹരിതബന്ധു അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും എത്തി. അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ വേഷമിട്ടു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

കക്കോടി മൂട്ടോളി സ്വദേശിയാണ്. നാരായണന്റെയും അംബുജാക്ഷിയുടെയും മകനാണ്. ഭാര്യ: എം.സി. പത്മജ (ചേളന്നൂര്‍ എസ്.എന്‍. കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി). മക്കള്‍: ബോധി (കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ് പ്രൊഫസര്‍, ഫാറൂഖ് കോളേജ്), ധ്യാന്‍ (ഐ.സി.ഐ.സി. ഐ. ബാങ്ക്). മരുമക്കള്‍: ദീപേഷ് കരിമ്പുങ്കര (അധ്യാപകന്‍, ചേളന്നൂര്‍ എസ്.എന്‍. കോളേജ്), റിയ.

             
Previous Post Next Post