ലണ്ടന്‍ മലയാളി വനിതയെ തേടി വീണ്ടും അംഗീകാരം; അഞ്ചു കോടിയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ് നേടിയ ഡോ. ജൂണ സത്യന് മൈക്കിള്‍ ഫാരഡെ ഗോള്‍ഡ് മെഡലും; പാലാക്കാരിയ്ക്ക് ലഭിച്ചത് ആരും സ്വപ്നം കാണുന്ന അംഗീകാരവും അവസരവും


 
ലണ്ടന്‍: മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ പ്രായോഗിക വികസനത്തിനായി അഞ്ചുകോടിയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ് ലഭിച്ച യുകെ മലയാളി ഡോ.ജൂണ സത്യന് വീണ്ടും അംഗീകാരം. സാധാരണ മുറിയിലെ  താപനിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ വികസനത്തിന്  2023ലെ മൈക്കിള്‍ ഫാരഡെ സ്വര്‍ണമെഡലാണ് ജൂണയ്ക്കും സംഘാംഗങ്ങള്‍ക്കും ലഭിച്ചിരിക്കുന്നത്. ആരും സ്വപ്നം കാണുന്ന അഗീകാരവും അവസരവുമാണ് മൂന്നു മാസത്തെ ഇടവേളയില്‍ ഡോ. ജൂണ സത്യന്‍ എന്ന ഈ പാലാക്കാരിക്ക് കൈവന്നിരിക്കുന്നത്.
പ്രഫ. നീല്‍ ആല്‍ഫോര്‍ഡ്, പ്രഫ. മാര്‍ക്ക് ഓക്‌സ്‌ബോറോ, പ്രഫ. ക്രിസ് കെയ്, ഡോ. ജൊനാഥന്‍ ബ്രീസ്, ഡോ. ജൂണ സത്യന്‍, പ്രഫ. എന്റിക്കോ സാല്‍വഡോറി എന്നിവരടങ്ങിയ സംഘമാണ് റൂം താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സോളിഡ് സ്റ്റേറ്റ് ഓര്‍ഗാനിക് മെയ്‌സറിന്റെയും ഡയമണ്ട് മെയ്‌സറിന്റെയും കണ്ടുപിടിത്തത്തിലൂടെ മൈക്കിള്‍ ഫാരഡെ പുരസ്‌കാരത്തിന് അര്‍ഹരായത്. സംഘത്തിലെ ഏക വനിതയാണ് ജൂണ. എക്‌സിരിമെന്റല്‍ ഫിസിക്‌സിലെ മികച്ച നേട്ടത്തിനാണ് ഓരോ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് മൈക്കിള്‍ ഫാരഡെ പുരസ്‌കാരം നല്‍കുന്നത്.സ്വര്‍ണമെഡലും പ്രശസ്തിപത്രവും സമ്മാനത്തുകയും അടങ്ങിയതാണ് പുരസ്‌കാരം.മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ കൂടുതലായുള്ള വികസനത്തിനായിരുന്നു നേരത്തെ യുവ മലയാളി ശാസ്ത്രജ്ഞയായ ഡോ. ജൂണയ്ക്ക് അര മില്യണ്‍ പൗണ്ടിന്റെ (ഏകദേശം അഞ്ചു കോടി രൂപ) വ്യക്തിഗത ഗവേഷണ സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ മാത്തമാറ്റിക്‌സ് ഫിസിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് പാലാ സ്വദേശി ഡോ. ജൂണ സത്യന്‍. പാലാ സ്രാമ്പിക്കല്‍ തോമസ് - ഡെയ്‌സി ദമ്പതികളുടെ മകളാണ്. ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. യുകെയിലെ എന്‍ജിനീയറിംങ് ആന്‍ഡ് ഫിസിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് (ഇ.പി.എസ്.ആര്‍.സി) മെയ്‌സര്‍ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍) വികസനത്തിനായി ഇത്രയും വലിയ തുക വ്യക്തിഗത സ്‌കോളര്‍ഷിപ്പായി അനുവദിച്ചത്.
ലേസര്‍ സാങ്കേതികവിദ്യയ്ക്കു മുന്നേ ആരംഭിച്ചതാണ് മെയ്‌സര്‍. 1950ലായിരുന്നു ഇത്. എന്നാല്‍ വളരെ കുറച്ച് പുരോഗതിയേ ഈ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ പിന്നീട് സംഭവിച്ചുള്ളൂ. മെയ്‌സറുകളുടെ നിര്‍മാണത്തിനുള്ള ചെലവേറിയതും സങ്കീര്‍ണവുമായ സാഹചര്യങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് തടസമായത്. വളരെ കുറഞ്ഞ താപനിലയിലും ശക്തിയേറിയ കാന്തിക വലയത്തിലും വാക്വം കണ്ടീഷനിലും മാത്രം പ്രവര്‍ത്തിക്കുന്ന മെയ്‌സര്‍ ഡിവൈസുകള്‍  ചുരുങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്നതായിരുന്നു പരിമിതി.
എന്നാല്‍ എട്ടുവര്‍ഷത്തെ ഗവേഷണഫലമായി ഡോ. ജൂണ സത്യനും സഹപ്രവര്‍ത്തകും വികസിപ്പിച്ചെടുത്തത് സാധാരണ മുറിക്കുള്ളിലെ താപനിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെയ്‌സര്‍ ഡിവൈസാണ്. ഇതില്‍ വിജയം വരിച്ച ജൂണയ്ക്ക്  ഇതിനുള്ള ഗവേഷണങ്ങളുടെ കൂടുതല്‍ പുരോഗതിക്കായാണ് റിസര്‍ച്ച് കൗണ്‍സില്‍ ഇത്രയും വലിയ തുക നേരത്തെ ഗ്രാന്റായി അനുവദിച്ചത്. ഇവര്‍ വികസിപ്പിച്ച ഉപകരണം ചെറുതാക്കി കൂടുതല്‍ മെച്ചപ്പെടുത്തുകയും വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതിനാണ് സ്‌കോളര്‍ഷിപ്പ്. അതു സാധ്യമാകുമ്പോള്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, എം.ആര്‍.ഐ. സ്‌കാനിംങ് എന്നിവയുടെയെല്ലാം വേഗതയും കൃത്യതയും വര്‍ധിപ്പിക്കാന്‍ മെയ്‌സര്‍ ടെക്‌നോളജിയിലൂടെ കഴിയും.പാലാ അല്‍ഫോന്‍സാ കോളജില്‍നിന്നും ഫിസിക്‌സില്‍ ബിരുദവും സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംഫില്ലും നേടിയ ജൂണ ഓസ്‌ട്രേലിയയില്‍ നിന്ന് ലെയസര്‍ ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടിയാണ് ലണ്ടനിലെത്തിയത്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലായിരുന്നു മെയ്‌സര്‍ ഗവേഷണങ്ങളുടെ തുടക്കം. 2019ലാണ് നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായി എത്തിയത്. ഇവിടെയെത്തിയ ജൂണ ക്വാണ്ടം ആന്‍ഡ് മോളിക്കുളാര്‍ ഫോട്ടോണിക്‌സ് റിസര്‍ച്ചിനായി ഒരു സംഘം ഗവേഷകരെ തന്നെ സംഘടിപ്പിച്ചു. ലോകത്തുതന്നെ മെയ്‌സറുകളുടെ ഗവേഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘമാണിത്. ബ്രിട്ടനില്‍ മെയ്‌സര്‍ റിസര്‍ച്ചിന് സാധ്യതയുള്ള മൂന്നാമത്തെ യൂണിവേഴ്‌സിറ്റിയായി നോര്‍ത്തംബ്രിയയെ മാറ്റിയെടുത്തത് ഡോ. ജൂണയാണ്. ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ എന്നിവയാണ് സമാനമായ ഗവേഷണ സാധ്യതയുള്ള മറ്റു രണ്ട് യൂണിവേഴ്‌സിറ്റികള്‍.
ദൈനംദിന ജീവിത സാഹചര്യങ്ങളെ ഏറെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് മെയ്‌സര്‍ ടെക്‌നോളജിയെന്നാണ് ജൂണ പറയുന്നത്. ഗവേഷണത്തിനായി ഫണ്ട് ലഭിച്ചതിനു പിന്നാലെ ഇപ്പോള്‍ മൈക്കിള്‍ ഫാരഡെ പുരസ്‌കാരവും ലഭിച്ചതില്‍ അഭിമാനിക്കുന്നതായും ചിലവു കുറഞ്ഞതും സുരക്ഷിതവും പരിസ്ഥിതി സൌഹൃദവുമായ മെയ്‌സര്‍ ഡിവൈസിന്റെ നിര്‍മാണമാണ് ലക്ഷ്യമെന്നും ജൂണ വ്യക്തമാക്കുന്നു. ഈ മേഖലയിലെ വിദഗ്ധ ഗവേഷണകേന്ദ്രമായി ബ്രിട്ടനേയും നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയെയും മാറ്റിയെടുക്കാനും ഈ നേട്ടത്തിലൂടെ സാധിക്കുമെന്നാണ് ജൂണയുടെ പ്രതീക്ഷ.
ഹൈഡ്രജന്‍ മെയ്‌സര്‍, ഡയമണ്ട് മെയ്‌സര്‍, ക്രിസ്റ്റല്‍ മെയ്‌സര്‍ എന്നിങ്ങനെ വ്യത്യസ്തതരം മെയ്‌സറുകള്‍ നിലവിലുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ചെലവു കുറഞ്ഞതും കൃത്യത കൂടിയതുമായ എല്‍.ഇ.ഡി. മെയ്‌സറുകളുടെ വികസനമാണ് ജൂണയുടെ മറ്റൊരു ഗവേഷണ ലക്ഷ്യം. ലെയ്‌സറുകള്‍ ഉപയോഗിച്ചുള്ള മെയ്‌സര്‍ ക്രിസ്റ്റലിന്റെ ഒപ്റ്റിക്കല്‍ പമ്പിംങ്ങാണ് മറ്റൊരു ഗവേഷണ മേഖല. ഇതിനായി ജൂണ സ്വന്തമായി വികസിപ്പിച്ച എല്‍.ഇ.ഡി. ഡിവൈസിനും മെയ്‌സര്‍ ഡിവൈസിനും ഇതിനകം പേറ്റന്റും ലഭിച്ചുകഴിഞ്ഞു.ഫ്രിക്വന്‍സി ട്യൂണ്‍ ചെയ്യാവുന്ന രീതിയിലേക്കു വരെ മെയ്‌സറിനെ തന്റെ ഗവേഷണ  പരീക്ഷണങ്ങളിലൂടെ ഡോ. ജൂണ കൂടുതല്‍ മെരുക്കിയെടുക്കുമ്പോള്‍ ലെയ്‌സറിനു തുല്യമായും കോപ്ലിമെന്ററി ആയും ഇതിനെ ഉപയോഗിക്കാനാകുമെന്നതാണ് സവിശേഷത. അധ്യാപനത്തിലും ഗവേഷണത്തിലും വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനൊപ്പം ബ്രിട്ടണില്‍ പൊതുരംഗത്തും ഏറെ തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വമാണ് ഡോ. ജൂണ സത്യന്‍. ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ജൂണ മേയ് മാസം മുതല്‍ പ്രാദേശിക കൗണ്‍സിലറുമാണ്. ന്യൂകാസില്‍ ബ്ലേക് ലോ ഡിവിഷനില്‍ നിന്നാണ് ലേബര്‍ ടിക്കറ്റില്‍ മിന്നും  വിജയം നേടി ജൂണ സത്യന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഭര്‍ത്താവ് ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണി റോയല്‍ മെയില്‍ ഉദ്യോഗസ്ഥനാണ്. ഫുട്‌ബോള്‍ പരിശീലകനായും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളായ മിലന്‍ സത്യ, മിലിന്ദ് സത്യ എന്നിവരാണ് മക്കള്‍.
Previous Post Next Post