പ്രകടനത്തിന് അവധി നല്‍കിയില്ല; തിങ്ങിനിറഞ്ഞ ട്രെയിനിലെ പബ്ലിക് അനൗണ്‍സ്‌മെന്റിലൂടെ വിളിച്ച പാലസ്തീന്‍ അനുകൂല മുദ്രാവാക്യം യാത്രക്കാര്‍ ഏറ്റുവിളിച്ചു; സംഭവം വൈറലായതോടെ ലണ്ടനിലെ ട്യുബ് ട്രെയിന്‍ ഡ്രൈവര്‍ സസ്‌പെന്‍ഷനില്‍



 ലണ്ടന്‍ ഭൂഗര്‍ഭ ട്രെയിനിനുള്ളില്‍ പാലസ്തീന് സ്വാതന്ത്ര്യം നല്‍കണമെന്ന മുദ്രാവാക്യം മുഴക്കിയ ട്രെയിന്‍ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തതായി ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. 1 ലക്ഷത്തോളം പാലസ്തീന്‍ അനുകൂലികള്‍ പ്രധിഷേധ പ്രകടനം നടത്തിയ ശനിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഡ്രൈവറുടെ മുദ്രാവാക്യം വിളി ട്രെയിനിനകത്തെ സ്പീക്കര്‍ സിസ്റ്റത്തിലൂടെ മുഴങ്ങുന്നത്കേള്‍ക്കാം.
ഡ്രൈവര്‍, ട്രെയിനിനകത്തെ സ്പീക്കര്‍ സിസ്റ്റത്തിലൂടെ ''ഫ്രീ.... ഫ്രീ...: എന്ന് വിളിച്ചു കൊടുക്കുമ്പോള്‍ യാത്രക്കാരില്‍ ചിലര്‍ പാലസ്തീന്‍ എന്ന് പ്രതികരിക്കുന്നുണ്ട്. പാലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ ഏറെ മുഴങ്ങിക്കേള്‍ക്കുന്ന ഒരു മുദ്രാവാക്യമാണിത്. സംഭവം വൈറലായതോടെ ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാവുകയാണ്. ഏതായാലും സംഭവത്തെ കുറിച്ച് ഒരു അടിയന്തിര അന്വേഷണത്തിന് ഉത്തര്‍വിട്ടതായി ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മേധാവി ഗ്ലിന്‍ ബാര്‍ട്ടണ്‍ അറിയിച്ചു.
ഡ്രൈവര്‍ ആരെന്ന് തിരിച്ചറിഞ്ഞതായും ആ വ്യക്തിയെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. നയങ്ങള്‍ക്കും നിയമത്തിനും അനുസൃതമായി സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു എന്നും അദ്ദേഹം തുടര്‍ന്നു. ലണ്ടന്‍ മിനിസ്റ്റര്‍ പോള്‍ സ്‌കള്ളി ഡ്രൈവറുടെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ട്യുബ് ജീവനക്കാര്‍ അവരുടെ ദൈനംദിന ജോലികളില്‍ ശ്രദ്ധിക്കണമെന്നും, തലസ്ഥാനത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ലതിനല്ലെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍ ട്യുബുകളില്‍ ഇത്തരത്തിലുള്ള അസഹിഷ്ണുത ദൃശ്യമാകുന്നത് ഏറെ അസ്വസ്ഥതപ്പെടുത്തുന്നു എന്ന് ഇസ്രയേല്‍ എംബസിയും പ്രതികരിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതും ആയിരിക്കണമെന്നും എംബസി വക്താവ് പറഞ്ഞു.
അതേസമയം, ലണ്ടനില്‍ നടക്കുന്ന പാലസ്തീന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുക്കാന്‍ താന്‍ അതിയായി ആഗ്രഹിച്ചിരുന്നതായി ഡ്രൈവര്‍ തങ്ങളോട് പറഞ്ഞിരുന്നു എന്ന് ചില യാത്രക്കാര്‍ വെളിപ്പെടുത്തി. എന്നാല്‍, തനിക്ക് അതിനായി അവധി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇസ്രയേല്‍- ജീത വിരുദ്ധത പ്രകടമാക്കുന്ന ''നദിമുതല്‍ സമുദ്രം വരെ പാലസ്തീന്‍ സ്വതന്ത്രമാക്കും'' എന്ന മുദ്രാവാക്യവും അയാള്‍ വിളിച്ചു.
Previous Post Next Post