യുവാവിൻ്റെ മരണം: കൊച്ചിയിലെ ഹോട്ടലുടമയ്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്



കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതിയിൽ ഹോട്ടലുടമയ്ക്കെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തു. കാക്കനാട് ലേ ഹയാത്ത് ഹോട്ടലുടമയ്ക്കെതിരെ തൃക്കാക്കര പോലീസിന്റേതാണ് നടപടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഹോട്ടലിനെതിരെ പതിനഞ്ചോളം പേ‍ര്‍ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പാലാ ചെമ്പിളാവ് സ്വദേശി രാഹുൽ ഡി നായരാണ് മരിച്ചത്. ലേ ഹയാത്ത് ഹോട്ടലിൽനിന്ന് ഷവർമ വാങ്ങിക്കഴിച്ച രാഹുലിന് ഭക്ഷ്യവിഷബാധ ഏറ്റുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതേ ഹോട്ടലിൽ ഭക്ഷണം കഴിച്ച പത്തുപേരാണ് ചികിത്സ തേടിയത്. മരിച്ച രാഹുലിന്റേതുൾപ്പെടെ മൂന്നുപേരുടെ രക്തത്തിൽ സാൽമോണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൈക്രോബയോളജി പരിശോധനയിൽ രാഹുലിന്റെ ശരീരത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.അതേസമയം യുവാവ് മരിച്ച സംഭവത്തെ തുടർന്ന് തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനയിൽ ഒൻപത് ഹോട്ടലുകൾക്കാണ് ആരോഗ്യവിഭാഗം നോട്ടീസ് നൽകിയത്. വൃത്തിഹീനമായി പാകം ചെയ്ത ഭക്ഷണസാധനങ്ങൾ ഹോട്ടലുകളിൽ ‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പല ഹോട്ടലുകളിലും പാചകം ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ്‌ ഇല്ലാത്തതായും കണ്ടെത്തിയിട്ടുണ്ട്.തൃക്കാക്കര സഹകരണ ആശുപത്രി ക്യാന്റീൻ ഉൾപ്പെടെ ഒൻപത് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് നഗരസഭയുടെ തീരുമാനം.

റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി: മന്ത്രി

രാഹുലിന്റെ രാസപരിശോധനാ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മുട്ട മയോണൈസ് നിരോധിച്ചതാണ്. അതിൽ വീഴ്ചയുണ്ടായെങ്കിൽ ഹോട്ടലുകൾ പൂട്ടിക്കും. കൂടുതൽ നിയന്ത്രങ്ങളെ കുറിച്ച് രാഹുലിന്റെ റിപ്പോർട്ട് കിട്ടിയശേഷം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.


Previous Post Next Post