സന്ദീപ്‌ വാര്യര്‍ ഉള്‍പ്പെടെ അറസ്റ്റിന്‍റെ നിഴലില്‍; ബിജെപിക്കാര്‍ക്കെതിരെ പരാതി പ്രവാഹം; കൂടുതല്‍ കേസുകള്‍ ഉടന്‍


തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടന്ന സമൂഹ മാധ്യമങ്ങളിലെ വിദ്വേഷപ്രചാരണത്തില്‍ പോലീസിന് ലഭിച്ചത് നിരവധി പരാതികള്‍. ആദ്യ അറസ്റ്റ് നടന്നത് പത്തനംതിട്ടയിലും. വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിവ തോളൂര്‍ ഫിലിപ്പിനെയാണ് പത്തനംതിട്ട പോലീസ് തിങ്കളാഴ്ച കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ്‌ അനീഷ്‌ നല്‍കിയ പരാതിയില്‍ ഐപിസി 153 വകുപ്പാണ് ചുമത്തിയത്.

റിവയെ ഇന്ന് വിട്ടയച്ചതായി പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ജിബു ജോണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എസ്ഡിപിഐയാണ് ബോംബ്‌ സ്ഫോടനത്തിന് പിന്നിലെന്ന കുറിപ്പാണ് റിവയ്ക്ക് വിനയായത്. കുറിപ്പ് നീക്കം ചെയ്തെങ്കിലും സ്ക്രീന്‍ ഷോട്സ് സഹിതമാണ് പരാതി വന്നത്.

റിവ തോളൂര്‍ ഫിലിപ്പിനെതിരെയുള്ള എഫ്ഐആറില്‍ പറയുന്നത് :”പ്രതിക്ക് ആവലാതിക്കാരന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന എസ്ഡിപിഐ സംഘടനയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തണമെന്നും പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിച്ച് സമൂഹത്തില്‍ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടും കരുതലോടും കൂടി റിവ ഫിലിപ്പ് ഫെയ്സ് ബുക്ക് ഐഡിയിലൂടെ SDPI Blasted bomb in kalamassery jehovah witnesses church. One dies hundreds injured. കൊച്ചി കളമശേരിയില്‍ യഹോവ സാക്ഷികളുടെ പള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ തീവ്രവാദികള്‍ ബോംബ്‌ പൊട്ടിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക് പരുക്ക് എന്നുമുള്ള പോസ്റ്റുകള്‍ വ്യാജമായി പ്രചരിച്ച് എസ്ഡിപിഐയുടെ സല്‍പ്പേരിന് കളങ്കം സൃഷ്ടിക്കാനും അതുവഴി സമൂഹത്തില്‍ കലാപം ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തി എന്നുള്ളത്”.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, കാസ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ബിജെപി നേതാവായ അനില്‍ ആന്റണി, സന്ദീപ്‌ വാര്യര്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍, റിവ തോളൂര്‍ ഫിലിപ്പ്, തുടങ്ങി നിരവധിപേര്‍ക്കെതിരെ പരാതി വന്നിട്ടുണ്ട്. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സരിൻ പി ആണ് പരാതി നൽകിയത്. പ്രസ്താവനകൾ അപകീർത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. സമൂഹ മാധ്യമ ലിങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ.അബ്ദുള്‍ അസീസും ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ഐപിസി 153 നൊപ്പം 153-എ കൂടി ചുമത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കും.

ബിജെപി നേതാവ് സന്ദീപ്‌ വാര്യര്‍ക്കെതിരെ കളമശേരി പോലീസില്‍ പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണാണ്. ഈ പരാതിയില്‍ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. വര്‍ഗീയ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്താവന നടത്തി എന്നാരോപിച്ചാണ് പരാതി. സമൂഹ മാധ്യമ കുറിപ്പിന്റെ സ്ക്രീന്‍ ഷോട്സ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നു അരുണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞെങ്കിലും പോലീസ് സ്ഥിരീകരണം ലഭിച്ചില്ല.
Previous Post Next Post