കേരളംസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്







കേരളത്തിൽ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ശ്രീലങ്കക്കും കോമറിൻ മേഖലയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ/ വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിന്റെ ഫലമായി മഴ തുടരുന്നു.

നവംബർ 03 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് രാത്രി 11.30 മുതൽ 1.2 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
Previous Post Next Post