പത്തനംതിട്ട എംസി റോഡിൽ വെള്ളത്തിനടിയിലായ കാറും യാത്രക്കാരെയും നാട്ടുകാർ അത്ഭുതകരമായി രക്ഷപെടുത്തി.



പത്തനംതിട്ട: എംസി റോഡിൽ വെള്ളത്തിനടിയിലായ കാറും യാത്രക്കാരെയും നാട്ടുകാർ അത്ഭുതകരമായി രക്ഷപെടുത്തി. തിരുവല്ലയിൽ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽനിന്നാണ് മൂന്നുപേർക്ക് അത്ഭുതകരമായ രക്ഷപെടൽ ഉണ്ടായത്. ഇതിൽ ഉണ്ടായിരുന്ന വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.എംസി റോഡിനെയും ടികെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് കാർ മുങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ചെങ്ങന്നൂർ ഭാഗത്തുനിന്ന് കവിയൂരിലേക്ക് പോകുകയായിരുന്നു ഇവർ. തിരുവനന്തപുരം സ്വദേശി കൃഷ്ണൻ നമ്പൂതിരിയും മകളും ഭർത്താവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അടിപ്പാതയിലെ വെള്ളക്കെട്ടിന്‍റെ ആഴം തിരിച്ചറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴാണ് അപകടം മനസിലാക്കിയത്. കാർ ഓഫായി വെളളത്തിൽ മുങ്ങിയത് കണ്ട് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Previous Post Next Post