ഡൽഹി: ഡൽഹിയിലെ ജൂത മതസ്ഥാപനങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് സുരക്ഷ.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളിൽ നിന്ന് പോലീസിന് വിവരം ലഭിച്ചതോടെയാണ് അതീവ ജാഗ്രതാ നിർദേശം നൽകിയത്.
വെള്ളിയാഴ്ച നടക്കുന്ന പ്രാർത്ഥനയിൽ സംഘർഷ ആഹ്വനം ഉണ്ടാവാതിരിക്കാൻ ഗണ്യമായ സേനയെ പോലീസ് തെരുവുകളിൽ വിന്യസിച്ചു. കൂടാതെ ഇസ്രായേൽ എംബസി, ജൂത മതസ്ഥാപനങ്ങൾ എന്നീ മേഖലകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തുള്ള ഇസ്രായേലികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഗോവ എന്നിവിടങ്ങളിലുള്ള ഇസ്രായേൽ നയതന്ത്രജ്ഞർക്കും ജീവനക്കാർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഏജൻസി നിർദേശം നൽകിയത്.
ഇസ്രായേലിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ കണക്കിലെടുത്ത് യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ ജൂതർ അക്രമിക്കപ്പെടാനും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കും സാധ്യതയുള്ളതിനാൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഡൽഹിയിലും സുരക്ഷ വർദ്ധിപ്പിച്ചത്.
അതേസമയം'ഓപ്പറേഷൻ അജയ്' ദൗത്യത്തിന്റെ ഭാഗമായി ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരെ ചാർട്ടർ വിമാനം വഴി ഡൽഹിയിലെത്തിച്ചു. 211 മുതിർന്നവവരും ഒരു കുഞ്ഞും അടങ്ങുന്ന സംഘമാണ് ആദ്യ വിമാനത്തിൽ എത്തിയത്.
ആറാം ദിവസവും തുടരുന്ന യുദ്ധത്തിൽ ഇസ്രായേലിൽ 222 സൈനികർ ഉൾപ്പെടെ 1,300-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പറഞ്ഞു.
ഗാസ മുനമ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 1,417 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ അധികൃതരും അറിയിച്ചു. 1973-ൽ ഈജിപ്തും സിറിയയുമായി തമ്മിൽ ആഴ്ചകളോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷമാണ് ഇത്രയും വലിയ മനുഷ്യക്കുരുതി നടക്കുന്നത്.