മണ്ഡലകാലത്ത് പമ്പയിലേക്ക് സ്വകാര്യ ബസ് ഓടുമോ? കേന്ദ്ര നിയമവുമായി ഉടമകൾ മുന്നോട്ട്; വിജയിച്ചാൽ കെഎസ്ആർടിസിയുടെ കുത്തക തകരും



പത്തനംതിട്ട: കേന്ദ്ര നിയമ പ്രകാരം സ്വകാര്യ ബസുകൾ അന്തർസംസ്ഥാന സർവീസ് ആരംഭിച്ച പത്തനംതിട്ടയിൽനിന്ന് മണ്ഡലകാലത്ത് ശബരിമലയിലേക്കും സർവീസ് ആരംഭിച്ചേക്കും. ഇതിനായുള്ള നീക്കം സ്വകാര്യ ബസുടമകൾ ആരംഭിച്ചിട്ടുണ്ട്. വിജയിച്ചാൽ വർഷങ്ങളായുള്ള കെഎസ്ആർടിസിയുടെ കുത്തക പത്തനംതിട്ട - ചാലക്കയം - പമ്പ റൂട്ടിൽ അവസാനിക്കും.



കടുത്ത സാമ്പത്തിക ബാധ്യതയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിക്ക് വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന ബോണസാണ് ശബരിമല സർവീസിലൂടെയുള്ള വരുമാനം. പുതുക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകൾക്കു സ്വതന്ത്രമായി രാജ്യത്ത് എവിടെയും ഓടാൻ അനുമതി നൽകിയിട്ടുണ്ട്. അടുത്തിടെയാണ് കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ടൂർ ഓപ്പറേറ്റർമാർക്ക് രാജ്യത്ത് എവിടെയും ബസുകൾ ഓടിക്കാമെന്നും ഓരോ സംസ്ഥാനത്തും പ്രത്യേക പെർമിറ്റുകൾ ആവശ്യമില്ലെന്നുള്ളതുമാണ് നിയമത്തിന്റെ പ്രത്യേകത. ഇതോടെ ഇത്തരം സൗകര്യങ്ങളുള്ള ബസുകൾക്ക് ശബരിമല പാതയിലേക്ക് എത്തുന്നതിനു തടസമുണ്ടാകില്ലെന്ന് ഉടമകൾ പറയുന്നു. എന്നാൽ ഈ പെർമിറ്റ് നാഷണൽ ടൂറിസ്റ്റ് പെർമിറ്റുകളാണെന്നും അവ വിനോദസഞ്ചാരികൾക്ക് വേണ്ടിയുള്ളതാണെന്നുമാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്.ശബരിമല തീർഥാടനം വിനോദസഞ്ചാരമാണെന്നും നാഷണൽ പെർമിറ്റുള്ള ബസുകൾ സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് പമ്പയിലേക്കു സർവീസ് നടത്തുന്നതു തടയാൻ ഗതാഗത വകുപ്പിനു കഴിയില്ലെന്നുമാണ് ഉടമകൾക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. കേന്ദ്രസർക്കാർ വിജ്ഞാപനം വന്ന് ഉടൻതന്നെ പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് അന്തർസംസ്ഥാന സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചിരുന്നു. ഇത് മോട്ടോർ വാഹന വകുപ്പ് തടഞ്ഞിരുന്നു. എന്നാൽ നാഷണൽ പെർമിറ്റുള്ള ഈ ബസിനെതിരെ മറ്റു കാര്യങ്ങൾ പറഞ്ഞാണ് നടപടിയെടുത്തത്. ഇതേ തുടർന്ന് ഇവർ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുകയാണ്.നാഷണൽ പെർമിറ്റ് എടുത്താൽ എവിടെയും സർവീസ് നടത്താമെന്നുവരുന്നതോടെ ബസുകളെ നിയമപരമായി ചോദ്യംചെയ്യാനാകില്ലെന്ന സ്ഥിതി ഉണ്ടായാൽ പമ്പയിലേക്കും സ്വകാര്യബസുകൾ വൈകാതെ എത്തും. അന്തർസംസ്ഥാന സർവീസ് ആരംഭിക്കാൻ തുടങ്ങിയതോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇവർക്കായി പ്രത്യേക ഗ്യാരേജ് ഒരുക്കി. ഇതിനായുള്ള ബോർഡുകളും സ്ഥാപിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ തുടർനടപടികളാകും നിർണായകമാകുക.
Previous Post Next Post