ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്



തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍. ഹൈക്കോടതി വിധി പാലിക്കാതെ ആര്‍എസ്എസും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളും ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നു. രാത്രിയുടെ മറവില്‍ ആയുധ പരിശീലനം നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മിഷണറുടെ കണ്ടെത്തല്‍. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാഖ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക്. ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചു. വീഴ്ച ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി നടപടിയെടുക്കണം. പൊലീസിനെയും ജില്ലാ കളക്ടറെയും അറിയിക്കണം. ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്ത എല്ലാ ഫ്ലക്സുകളും മാറ്റണം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ശാഖ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തും. നാമജപ ഘോഷം എന്ന പ്രതിഷേധ യോഗവും നിരോധിച്ചു.

അതിനിടെ ദേവസ്വം കമ്മിഷണറുടെ ഉത്തരവിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത് വന്നു. ദേവസ്വം കമ്മിഷണറുടെ സര്‍ക്കുലര്‍ ഓലപ്പാമ്പാണെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. 1240 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. നേരത്തെ പല ഘട്ടങ്ങളിലും സമാന സര്‍ക്കുലറുകള്‍ ഇറക്കിയെങ്കിലും പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.

Previous Post Next Post