യുഎഇയില്‍ ബസ് യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ വിശദീകരിച്ച് ആര്‍ടിഎ



ദുബായ്: യുഎഇയില്‍ പൊതു ബസ് ഗതാഗതം ഉപയോഗപ്പെടുത്തുന്നവര്‍ പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ വിശദീകരിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). നിയമങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് 100 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനാണ് കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ആര്‍ടിഎ രംഗത്തെത്തിയത്. യുഎഇയില്‍ പബ്ലിക് ബസില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് പിഴ കിട്ടാനുള്ള സാധ്യത കൂടുതലാണ്.

1. ബസ് യാത്രാക്കൂലി നല്‍കുന്നതിനായി ഉപയോഗിക്കുന്ന നോള്‍ കാര്‍ഡ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടോപ്പ് അപ്പ് ചെയ്‌തെന്ന് ഉറപ്പാക്കണം. നോള്‍ കാര്‍ഡില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുക. വണ്‍വേ ട്രിപ്പിന് കുറഞ്ഞത് 7 ദിര്‍ഹവും ടുവേ ട്രിപ്പിന് 14 ദിര്‍ഹവും ബാലന്‍സ് ഉണ്ടായിരിക്കണമെന്നാണ് ആര്‍ടിഎയുടെ നിബന്ധന.നോള്‍ കാര്‍ഡ് എളുപ്പത്തില്‍ ഓണ്‍ലൈനായി റീ ചാര്‍ജ് ചെയ്യാന്‍ നോള്‍പേ ആപ് (nolpay) ഉപയോഗിക്കാം. തെരഞ്ഞെടുക്കപ്പെട്ട ബസ് സ്റ്റോപ്പുകളിലും എല്ലാ മെട്രോ സ്‌റ്റേഷനുകളിലും പേയ്‌മെന്റ് കിയോസ്‌കുകളില്‍ സൗകര്യമുണ്ട്. യാത്രാക്കൂലി എത്രയാവുമെന്ന് അറിയില്ലെങ്കില്‍, ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്കായി ലഭ്യമായ S'hail ആപ്ലിക്കേഷന്‍ വഴി പ്രതീക്ഷിക്കുന്ന ചെലവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും.

2. യാത്ര ആരംഭിക്കുന്നതിന് മുമ്പ് നോല്‍ കാര്‍ഡ് ഇ-കാര്‍ഡ് മെഷീന്‍ റീഡറില്‍ ടാപ്പ് ചെയ്‌തെന്ന് ഉറപ്പാക്കണം. യാത്രയുടെ ആരംഭം റെക്കോര്‍ഡ് ചെയ്യാന്‍ ഡ്രൈവര്‍ സീറ്റിന് അടുത്തുള്ള കാര്‍ഡ് റീഡറിലാണ് നോല്‍ കാര്‍ഡ് ടാപ്പ് ചെയ്യേണ്ടത്. ഇറങ്ങാനുള്ള സ്റ്റോപ്പില്‍ എത്തുമ്പോള്‍ കാര്‍ഡ് വീണ്ടും ടാപ്പുചെയ്യുമ്പോള്‍ യാത്ര ചെയ്തതിന് അനുസരിച്ചുള്ള തുക ഓട്ടോമാറ്റിക്കായി കാര്‍ഡില്‍ നിന്ന് ഈടാക്കപ്പെടും. കയറുമ്പോഴും ഇറങ്ങുമ്പോഴും മെഷീന്‍ റീഡറില്‍ ടാപ്പ് ചെയ്യാത്തവരില്‍ നിന്ന് പിഴ ഇടാക്കുന്നതാണ്. മുമ്പ് ആറ് ദിവസം നടത്തിയ പരിശോധനാ കാമ്പെയ്‌നില്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ചിരുന്ന ആയിരത്തിലധികം പേര്‍ക്ക് ആര്‍ടിഎ പിഴ ചുമത്തിയിരുന്നു. ബസ് ചാര്‍ജ് നല്‍കാതിരുന്നാല്‍ 200 ദിര്‍ഹമാണ് പിഴ.
3. ഭക്ഷണപാനീയങ്ങള്‍ പൊതു ബസ് യാത്രയില്‍ അനുവദനീയമല്ല. ഭക്ഷണം കഴിക്കുകയോ മദ്യപിക്കുകയോ ചെയ്താല്‍ 100 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടി വരും.

4.ഡ്രൈവറോട് സംസാരിക്കരുത്. എന്തെങ്കിലും ചോദ്യങ്ങളോ പരാതികളോ അന്വേഷണങ്ങളോ ഉണ്ടെങ്കില്‍ കോള്‍ സെന്ററുമായി 8009090 നമ്പറില്‍ ബന്ധപ്പെടാം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സമോ ശല്യമോ ഉണ്ടാക്കിയാല്‍ 200 ദിര്‍ഹമാണ് പിഴ.

5. ബസ്സില്‍ വച്ച് സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം. ദുബായ് പോലീസിന്റെ അടിയന്തര ഹോട്ട്‌ലൈനുമായി 901ല്‍ ബന്ധപ്പെടുകയോ ആര്‍ടിഎ കോള്‍ സെന്ററുമായി 800 9090ല്‍ ബന്ധപ്പെടുകയോ ചെയ്യാം. ബസ്സുകളുടെ മുന്‍വശത്ത് സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ഈ സീറ്റുകളില്‍ മറ്റുള്ളവര്‍ പ്രവേശിക്കുകയോ ഇരിക്കുകയോ ചെയ്താല്‍ 100 ദിര്‍ഹം പിഴ ഈടാക്കും
Previous Post Next Post