കോഴിക്കോട്: ബുധനാഴ്ച നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഏജന്റ് അത്തോളിയിലെ ദേവിക സ്റ്റോര്‍ ഉടമ വേളൂര്‍ സ്വദേശി ശ്രീഗംഗയില്‍ എന്‍.കെ. ഗംഗാധരന്. വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റിനാണ് ഒരു കോടി സമ്മാനം ലഭിച്ചത്.
സമ്മാനാര്‍ഹനായത് അറിഞ്ഞിരുന്നെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാലും ആള്‍ക്കൂട്ടം ഭയന്നും ഗംഗാധരന്‍ വിവരം പുറത്തുപറഞ്ഞിരുന്നില്ല. ഇന്നലെ ഫലം വന്നതു മുതല്‍ ഭാഗ്യശാലി ആരെന്ന് അറിഞ്ഞിരുന്നില്ല. കടയില്‍ ഇന്നലെ വൈകുന്നേരം മധുരവിതരണവും നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഭാഗ്യശാലി താന്‍ തന്നെയാണെന്ന കാര്യം ഗംഗാധരന്‍ പുറത്തു പറഞ്ഞത്. ഇതിനുപിന്നാലെ എസ്ബിഐ അത്തോളി ശാഖയില്‍ എത്തി മാനേജര്‍ക്ക് ടിക്കറ്റും കൈമാറി.
സമ്മാനത്തുക കൊണ്ട് കട നന്നാക്കിയെടുത്ത് കച്ചവടം വിപുലപ്പെടുത്തണമെന്നും വീട് പുതുക്കി പണിയാനുമാണ് ആഗ്രഹമെന്നും ഗംഗാധരന്‍ പറഞ്ഞു. ആഷാ കുമാരിയാണ് ഭാര്യ. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അഖിലേഷ്, അഖില സത്യനാഥ് എന്നിവരാണ് മക്കള്‍.
അത്തോളി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമാണ് ഗംഗാധരന്റെ സ്റ്റേഷനറി കട. സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്ന ഗംഗാധരന്‍ നാലുവര്‍ഷം മുമ്പാണ് കട ആരംഭിച്ചതും ലോട്ടറി ഏജന്‍സി എടുത്തതും. ഇന്നലെ വിറ്റ ടിക്കറ്റുകളില്‍ ആറെണ്ണത്തിന് 5,000 രൂപ വീതം സമ്മാനവും ഇവിടെ തന്നെയാണ് കിട്ടിയത്.