ബഹ്റൈനിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ പത്താമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു



മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ ബഹ്റൈനിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഗുദേബിയയിൽ പ്രവർത്തനമാരംഭിച്ചു. ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈനിലെ വിവിധ വകുപ്പു മന്ത്രിമാർ, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം.എ. തുടങ്ങിയവർ ഉദ്​ഘാടനത്തിൽ പങ്കെടുത്തു.ബഹ്റൈനിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിലൂടെ ബഹ്റൈന്റെ വളർച്ചയുടെ ഒരു ഭാഗമാകാൻ സാധിക്കുന്നുവെന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ലുലു ഗ്രൂപ്പിന് വൻ വികസന പദ്ധതികളാണുള്ളതെന്നും യൂസഫലി പറഞ്ഞു. ഉടൻ തന്നെ മനാമ സെന്റർ, അവന്യൂസ് മാൾ, ദിയാർ അൽ മുഹറഖ് എന്നിവിടങ്ങളിലായി മൂന്നു സ്ഥാപനങ്ങൾ കൂടി തുറന്നു പ്രവർത്തിക്കും. ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ മിതമായ നിരക്ക് ഈടാക്കിക്കൊണ്ട് സ്ഥാപനം ജനങ്ങൾക്കായി സമർപ്പിക്കുകയാണെന്നും  ബഹ്റൈൻ ഭരണകർത്താക്കളുടെ അകമഴിഞ്ഞ ആത്മാർഥതയോടെയുള്ള പിന്തുണയാണ് കൂടുതൽ സഥാപനങ്ങൾ രാജ്യത്തു തുറന്നു പ്രവർത്തിക്കുവാൻ സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.40,000 ചതുരശ്രയടി സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. അടുത്തിടെ ഏറ്റവും കൂടുതൽ ബഹ്റൈനികൾ ജോലി ചെയ്യുന്ന മികച്ച ദേശസാത്ക്കരണത്തിനുള്ള വിപുലമായ അവാർഡ് നേടിയ ബഹ്റൈൻ ടീമിനെ യൂസഫലി അഭിനന്ദിച്ചു. ലുലു ഗ്രൂപ്പിൽ ഇതിനോടകം എണ്ണൂറോളം ബഹ്റൈനികൾ ജോലി ചെയ്യുന്നുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകളിൽ ന്യായമായ വിലക്ക് ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങാൻ ഉപഭോക്താവിന് സാധിക്കുമെന്നും നല്ല പരിചരണവും ഗുണമേന്മയുമാണ് തങ്ങളുടെ സ്ഥാപനങ്ങളുടെ മുഖമുദ്രയെന്നും യൂസഫലി പറഞ്ഞു.ജനങ്ങൾക്ക് തങ്ങളിലുള്ള വിശ്വാസമാണ് ലുലുവിന്റെ വളർച്ചക്ക് നിദാനമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുടക്കീഴിൽ എല്ലാ ഉത്പ്പന്നങ്ങളും ഗുണമേന്മയോടെ നൽകുകയെന്ന ലക്ഷ്യം ലുലുവിന്റെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടേയം പ്രത്യേകതയാണെന്ന് യൂസഫലി കൂട്ടിച്ചേർത്തു.തൊഴിൽ വകുപ്പു മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദെൽ ഫഖ്രോ, മുനിസിപ്പൽ, കൃഷി കാര്യ മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്,. വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അംബാസഡർമാർ, തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ ഉത്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post