മുഖത്തിന് മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖ പുതുക്കാന്‍ പ്രവാസികള്‍ക്ക് നിര്‍ദേശം; നടപടിക്രമങ്ങള്‍ അറിയാം



റിയാദ്: മുഖത്തിന് കാര്യമായ മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖയായ ഇഖാമ പുതുക്കാന്‍ നിര്‍ദേശം. ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാര്‍ത്ഥ രൂപവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.ഇഖാമയിലെ ഫോട്ടോ മാറ്റാനുള്ള നടപടിക്രമങ്ങള്‍ ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് ഓഫീസില്‍ നേരിട്ട് ഹാജരായാണ് ഇഖാമ പുതുക്കേണ്ടത്. ഇതിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ജവാസാത്ത് വെബ്‌സൈറ്റില്‍ അപ്പോയിന്‍മെന്റ് സെക്ഷനില്‍ റെസിഡന്റ് സര്‍വീസ് എന്ന ലിങ്ക് ഓപണ്‍ ചെയ്ത് അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാം. ഇതിലെ നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ കൂടിക്കാഴ്ചയ്ക്ക് ലഭ്യമായതും സൗകര്യപ്രദവുമായ സമയം തിരഞ്ഞെടുക്കാന്‍ സാധിക്കും.ഇഖാമയിലെ ഫോട്ടോ മാറ്റാന്‍ സാധുതയുള്ള പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതോ പാസ്‌പോര്‍ട്ടിലെ ഫോട്ടോ വളരെയധികം പഴക്കമുള്ളതോ ആണെങ്കില്‍ പുതുക്കണം. പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പുതിയവ ലഭിച്ച ശേഷം അപ്പോയിന്റ്‌മെന്റ് എടുക്കുക.


അപ്പോയിന്‍മെന്റ് ലഭിച്ച സമയത്ത് ജവാസാത്ത് ഓഫീസില്‍ പുതിയ പാസ്‌പോര്‍ട്ടും ഇഖാമയുമായി നേരിട്ട് ഹാജരാവണം. ഫിംഗര്‍ പ്രിന്റും തുടര്‍ന്ന് ഫോട്ടോയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എടുത്ത ശേഷം പുതിയ ഇഖാമ അനുവദിക്കുകയാണ് ചെയ്യുക.
Previous Post Next Post