കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹം പെട്ടിക്കുള്ളിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് ഇവരുടെ വീടിനുള്ളിൽ നിന്നാണ്. ഒരു ഇരുമ്പു പെട്ടിയിൽ വെട്ടിനുറുക്കി കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. തന്റെ മക്കളെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടികളുടെ പിതാവ് ഇന്നലെ രാത്രി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൂന്ന് പേരെയും കാണാനില്ലായിരുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി.
കുടിയേറ്റ തൊഴിലാളികളായ മാതാപിതാക്കൾക്ക് അഞ്ച് മക്കളാണുള്ളത്. ഇതിൽ മൂന്ന് പെൺകുട്ടികളുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. സഹോദരിമാരായ കാഞ്ചൻ (4), ശക്തി (7), അമൃത (9) എന്നിവരുടെ മൃതദേഹങ്ങൾ പോലീസ് തിരിച്ചറിഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികളെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിനുള്ളിൽ തിരഞ്ഞു. ഒരു പെട്ടിക്ക് അമിത ഭാരം തോന്നി. തുറന്ന് നോക്കിയപ്പോള്‍ ചേതനയറ്റ നിലയില്‍ മൂന്ന് പേരെയും കണ്ടെത്തുകയായിരുന്നു. പെട്ടിക്കുള്ളില്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടികളെ പിതാവ് കൊലപ്പെടുത്തിയ ശേഷം പെട്ടിക്കുള്ളിൽ സൂക്ഷിക്കുകയായിരുന്നു എന്ന സംശയത്തിലാണ് പോലീസ്. ദുരഭിമാന കൊലയാണ് ഇതെന്ന സംശയവും പോലീസിനുണ്ട്. ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിൽ ആണ് സംഭവം.