ശബരിമല തീർഥാടനത്തിനൊപ്പം കേരളം മുഴുവൻ കറങ്ങാം; മടക്കയാത്രയിൽ പ്രത്യേക പാക്കേജ്, വൻ പദ്ധതിക്കൊരുങ്ങി ടൂറിസം വകുപ്പ്



 പത്തനംതിട്ട: അന്യ സംസ്ഥാങ്ങളിൽനിന്നെത്തുന്ന ശബരിമല തീർഥാടകരെ കേരളം കാണിക്കാനൊരുങ്ങി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്. കേരളത്തിന് പുറമെ പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ് ശബരിമല സീസണിൽ അയ്യപ്പ ഭക്തർ എത്തുന്നത്. തമിഴ് നാട്, കർണ്ണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നും മണ്ഡല മകര വിളക്ക് സീസണിലും ഇതര ഉത്സവ സമയങ്ങളിലും തീർഥാടകർ എത്തുന്നുണ്ട്. ഇവരിൽ അധികം പേരും അയ്യപ്പ ദർശനത്തിന് ശേഷം മടങ്ങുകയാണ് പതിവ്.ശബരിമലയിൽ നിന്നുള്ള മടക്ക യാത്രയിൽ ഇവർക്കായി പ്രത്യേക പാക്കേജ് ഒരുക്കാനാണ് സംസ്ഥാന ടുറിസം വകുപ്പ് പദ്ധതിയിടുന്നത്. ഇതിനായി ശബരിമല തീർഥാടകർക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രോഷർ തയ്യാറാകുന്നുണ്ട്. 60 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തുകയും ചെയ്‌തു. ഒരു വർഷം 2 കോടിയോളം തീർഥാടകർ വരെ ശബരിമലയിലേക്ക് എത്താറുണ്ടെന്നാണ് കണക്ക്. ഇവരിൽ അന്യ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരെയാണ് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുന്നത്. ഇവർക്ക് സഞ്ചരിക്കാൻ കഴിയുന്ന പാത നിർദേശിക്കുകയും ആ മേഖലയിൽ വരുന്ന കേരള സൗന്ദര്യം പ്രയോജനപ്പെടുത്തുകയും ചെയ്യാം.നാഗർ കോവിൽ, തെങ്കാശി, കുമളി, പാലക്കാട്, കാസർകോട് തുടങ്ങി വിവിധ അതിർത്തികളിലൂടെ എത്തുന്നവർക്ക് അധിക യാത്ര വരാതെയുള്ള പാക്കേജുകളാകും തയ്യാറാക്കുക. കേരളീയ ഭക്ഷണ രുചി അറിയാനും അവസരമൊരുക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിനോദ സഞ്ചാര മേഖലക്കാകും കൂടുതൽ പ്രയോജനം ഉണ്ടാവുക. നിലവിൽ ശബരിമലക്ക് പുറമെ ഗുരുവായൂർ, ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങൾ കൂടിയാണ് അയ്യപ്പ ഭക്തർ സന്ദർശിക്കുന്നത്. ചെങ്ങന്നൂർ വഴി എത്തുന്നവർ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും എത്തും. ഇതിനെല്ലാം പുറമെ തീർഥാടകരെ പരമാവധി സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുക പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Previous Post Next Post