നനച്ച തോർത്ത്, കുടകൾ, ഐസ് പാക്ക്; ചെന്നൈയിലെ ചൂടിൽ വലഞ്ഞ് ഓസ്ട്രേലിയൻ താരങ്ങൾ



ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ചെന്നൈയിലെ ചൂടിൽ വലഞ്ഞ് ഓസ്ട്രേലിയൻ താരങ്ങൾ. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനിടയിൽ കനത്ത ചൂടേറ്റ് തളർന്ന ഓസീസ് താരങ്ങൾ പലതവണ അനൗദ്യോഗിക ഡ്രിങ്ക്സ് ബ്രേക്ക് എടുക്കുന്നുണ്ടായിരുന്നു. ബ്രേക്കിൽ നനച്ച തോർത്ത് ശരീരത്തിലിട്ടും ഐസ് പാക്ക് വച്ചും കുട ചൂടിയുമൊക്കെയാണ് താരങ്ങൾ ചൂടിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്.32 ഡിഗ്രിയാണ് ഇന്ന് ചെന്നൈയിലെ താപനില. അതുകൊണ്ട് തന്നെ ക്രീസിൽ ചെലവഴിക്കുക എന്നത് ഓസീസ് താരങ്ങൾക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് 36 ഓവറിൽ 138 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായിട്ടുണ്ട്. സ്റ്റീവ് സ്മിത്ത് (46), ഡേവിഡ് വാർണർ (41) മാർനസ് ലബുഷെയ്ൻ (27) എന്നിവരാണ് ഓസീസ് സ്കോറിൽ നിർണായക പങ്കുവഹിച്ചത്. കാമറൂൺ ഗ്രീൻ (7) ക്രീസിൽ തുടരുകയാണ്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റ് വീഴ്ത്തി.

Previous Post Next Post