തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്.. പണം തിരിച്ചടച്ച് മുൻ മാനേജർ…


തിരുവല്ല: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് മുൻ മാനേജർ സി.കെ പ്രീത. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രീത പണം തിരിച്ചടച്ചത്. തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ നിക്ഷേപിച്ച മൂന്നര ലക്ഷം രൂപയാണ് വ്യാജ ഒപ്പിട്ട് ഇവർ കൈക്കലാക്കിയത്. ഇതിൽ മൂന്ന് ലക്ഷം രൂപയാണ് നിലവിൽ തിരിച്ചടച്ചത്. എന്നാൽ പലിശ ഉൾപ്പെടെ മുഴുവൻ തുകയും കിട്ടാതെ പരാതി പിൻവലിക്കില്ലെന്ന് നിക്ഷേപക അറിയിച്ചു.
.
2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ പിൻവലിക്കാൻ അപേക്ഷ നൽകി. നിക്ഷേപത്തിന്‍റെ അസ്സൽ രേഖകൾ ഉൾപ്പെടെ വാങ്ങിവെച്ച ജീവനക്കാർ പണം തിരികെ നൽകിയില്ല. ഇതോടെയാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയ വിവരം അറിയുന്നത്. മുതിർന്ന സി.പി.എം നേതാവ് കൂടിയായ ബാങ്ക് ചെയർമാന്‍റെ ഒത്താശയിലാണ് പണം തട്ടിയെന്നാണ് നിക്ഷേപക ആരോപിച്ചത്. എന്നാൽ തട്ടിപ്പുകാരിയായ ജീവനക്കാരിയെ അന്നുതന്നെ പുറത്താക്കിയെന്നും നിക്ഷേപകയുടെ നഷ്ടമായ പണം തിരിച്ചു കിട്ടാൻ എല്ലാ സാധ്യതകളും ബാങ്ക് തേടുന്നുണ്ടെന്നുമാണ് ചെയർമാൻ പറഞ്ഞത്.
Previous Post Next Post