കോട്ടയം ലോക്‌സഭാ സീറ്റില്‍ അവകാശ വാദം ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് നേതാവ് മോൻസ് ജോസഫ്


കോട്ടയം: ലോക്‌സഭാ സീറ്റില്‍ അവകാശ വാദം ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ്. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണെന്ന നിലപാട് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് പങ്കുവച്ചത്. കോട്ടയം കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണെന്ന് ചൂണ്ടിക്കാണിച്ച മോന്‍സ് ജോസഫ് അന്ന് കെ എം മാണിയും പിജെ ജോസഫും ഉള്‍പ്പെട്ട ഐക്യ കേരള കോണ്‍ഗ്രസിനായിരുന്നു സീറ്റെന്നും അനുസ്മരിച്ചു.

കെ എം മാണി മരണം വരെ യുഡിഎഫിലായിരുന്നു. പിന്നീട് ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് പോയി. ഭൂരിഭാഗം കേരള കോണ്‍ഗ്രസുകാരും യുഡിഎഫില്‍ തുടര്‍ന്നു. സ്വാഭാവികമായും കേരള കോണ്‍ഗ്രസിന് കോട്ടയത്ത് ക്ലെയ്മുണ്ട്. അക്കാര്യത്തില്‍ സംശയമില്ല; മോന്‍സ് ജോസഫ് വ്യക്തമാക്കി. യുഡിഎഫില്‍ ചര്‍ച്ച വരുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയ മോന്‍സ് ഏതുസീറ്റ് വേണമെന്ന് ആലോചിക്കുമെന്നും സൂചിപ്പിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് നിലപാട് വ്യക്തമാക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

സീറ്റ് വിഭജനത്തില്‍ മാന്യമായ ധാരണ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ടെന്ന് നേരത്തെയും കേരള കോണ്‍ഗ്രസ് ജോസ്ഫ് വിഭാഗം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയായ മോന്‍സ് ജോസഫ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു.

ഇതിനിടെ കോട്ടയത്ത് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് ഉള്‍പ്പെടെ ഏഴുപേര്‍ രംഗത്തുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി ജെ ജോസഫിന് പുറമെ മകന്‍ അപു ജോസഫ്, മുന്‍ എംപിമാരായ പി സി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, എംപി ജോസഫ്, മോന്‍സ് ജോസഫ് എന്നിവരാണ് മത്സര രംഗത്തുള്ളത്. തൊടുപുഴ നിയമസഭാ സീറ്റ് വിട്ട് കോട്ടയം ലോക്സഭാ സീറ്റിലേക്ക് മത്സരിക്കാന്‍ പി ജെ ജോസഫിന് അതീവ താല്‍പര്യമുണ്ട്. ചുവട് മാറ്റത്തിലൂടെ മകനെ സുരക്ഷിതനാക്കാനുള്ള നീക്കം കൂടിയാണ് ജോസഫ് നടത്തുന്നത്. തൊടുപുഴ നിയമസഭാ സീറ്റ് മകന്‍ അപു ജോണ്‍ ജോസഫിന് നല്‍കിയേക്കും.

പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ പി സി തോമസും സീററിനായി രംഗത്തുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും സജി മഞ്ഞക്കടമ്പന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചുകഴിഞ്ഞു. തര്‍ക്കമുണ്ടായാല്‍ കെ എം മാണിയുടെ മരുമകന്‍ എംപി ജോസഫിനെ കോട്ടയത്ത് സമവായ സ്ഥാനാര്‍ത്ഥി ആക്കാനും നീക്കമുണ്ട്. അന്തിമ തീരുമാനം പി ജെ ജോസഫിന്റേതായിരിക്കും.
Previous Post Next Post