മുതലപ്പൊഴിയിൽ ഒടുവിൽ ഡ്രജിങ് പുനഃരാരംഭിച്ചു

 



തിരുവനന്തപുരം : അനിശ്ചിതത്വത്തിനൊടുവിൽ അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിലെ ഡ്രജിങ് പുനരാരംഭിച്ചു. 

അദാനി പോർട്ട് വിഭാഗം എത്തിച്ച ലോങ് ബൂം ക്രെയിൻ ഉപയോഗിച്ചുള്ള ഡ്രജിങ്ങാണു ആരംഭിച്ചിട്ടുള്ളത്. തുറമുഖ കേന്ദ്രത്തിലെ അഴിമുഖം കേന്ദ്രീകരിച്ചു കടലിനടിയിൽ മൽസ്യബന്ധന ബോട്ടുകൾക്കു അപകടഭീഷണിയുയർത്തി കിടക്കുന്ന ടെട്രാപോഡുകളും കരിങ്കൽപാളികളും നീക്കം ചെയ്യുന്ന പ്രക്രിയക്കാണു തുടക്കം കുറിച്ചിട്ടുള്ളത്.

നേരത്തെ തീരവുമായി ചേർന്നുള്ള കല്ലുകളും പുലിമുട്ടുകളും നീക്കം ചെയ്യുന്നതു ഭാഗികമായി നടന്നിരുന്നെങ്കിലും അഴിമുഖത്തു ബോട്ടുകൾ കടന്നുപോകുന്ന ചാനലിൽ രൂപപ്പെടുന്ന മണൽ തിട്ടകളടക്കം നീക്കം ചെയ്യുന്നതിനു സാധിച്ചിരുന്നില്ല. പിന്നീടാണു ലോങ് ബൂം ക്രെയിനുപയോഗിച്ചു അഴിമുഖ ശുദ്ധീകരണത്തിനു തീരുമാനമായത്.

മൂന്നാഴ്ച മുൻപു ക്രെയിൻ തുറമുഖ തീരത്തു പ്രവർത്തന സജ്ജമായെങ്കിലും അഴിമുഖത്തേക്കു കൂറ്റൻ ക്രെയിൻ എത്തിക്കുന്നതിനുള്ള പാതയൊരുക്കൽ നീണ്ടതോടെ ഡ്രജിങ് മുടങ്ങി. ഇതിനിടെ ശക്തമായ മഴയും തീരത്തു കടൽക്ഷോഭവും ശക്തിയാർജിച്ചതും പദ്ധതി നടപ്പാക്കുന്നതിനു വിലങ്ങുതടിയായി മാറിയിരുന്നു.

കഴിഞ്ഞ ദിവസം ലോങ്ബൂം ക്രെയിനിൽ ഘടിപ്പിക്കേണ്ട ഓറഞ്ച് പീൽ എന്ന ഉപകരണം വിഴിഞ്ഞത്തു നിന്നു എത്തിച്ചതോടെയാണു ഡ്രജിങ് തുടങ്ങിയത്. ഇതിനോടകം കടലിനടിയിൽ ആണ്ടുകിടന്നിരുന്ന നൂറുക്കണക്കിനു കരിങ്കൽപാളികളും പുലിമുട്ടുകളും കണ്ടെടുത്തു കരയിലേക്കു മാറ്റിക്കഴിഞ്ഞു. നിലവിൽ കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം ഡ്രജിങ് പൂർത്തിയാക്കാനാവുമെന്നാണു തുറമുഖവകുപ്പ് അധികൃതരുടെ പ്രതീക്ഷ. 

എന്നാൽ മുതലപ്പൊഴി തുറമുഖ തീരം കേന്ദ്രീകരിച്ചു ഡ്രജിങിനു സ്ഥിരം സംവിധാനമൊരുക്കണമെന്നാണു തീരദേശവാസികളുടെ ആവശ്യം.
Previous Post Next Post