കേരളമുണ്ടായതിലും ഒരു കഥയുണ്ട്; കേരളപ്പിറവിയുടെ ചരിത്രവും സവിശേഷതകളും



തിരുവനന്തപുരം: എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന ദിവസമാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്ന്. കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. നാട്ടുരാജ്യങ്ങളായ തിരുവതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നിവ ചേർന്നതാണ് നാം ഇന്ന് കാണുന്ന കേരളം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെയാണ് കേരള സംസ്ഥാനം നിലവിൽ വന്നത്.ഭാഷ, ചരിത്രം, ഐതിഹ്യം എന്നിവ അടിസ്ഥാനമാക്കി മലയാളികളെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ആദ്യഘട്ടത്തിലുണ്ടായിരുന്നത്. കേരളം എന്ന സ്ഥാനം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി, തിരുവതാംകൂർ, മലബാർ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1921ൽ കേരള പ്രദേശ കമ്മിറ്റി രൂപവത്കരിച്ചതാണ് നിർണായകമായത്.ബ്രീട്ടീഷ് ഭരണകാത്ത് പോലും വർഷങ്ങൾ നീണ്ടുനിന്ന ചർച്ചകളുടെയും സമ്മേളനങ്ങളുടെയും ഫലമാണ് ഇന്ന് കാണുന്ന കേരളം. 1928ൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാസമ്മേളനം, അഖില കേരള കുടിയാൻ സമ്മേളനത്തിലും ഐക്യകേരളമായിരുന്നു ചർച്ചയായത്. വിഷയത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു. അതേവർഷം ജവഹർലാൽ നെഹ്രു കേരളത്തിലെത്തുകയും പയ്യന്നൂരിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കകയും ചെയ്തു. രാജ്യം സ്വതന്ത്രമാകുന്ന ഘട്ടത്തിൽ കേരളത്തെ പ്രത്യേക സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നെഹ്രുവിന് മുന്നിൽ ഈ യോഗം അവതരിപ്പിച്ചു.


വരും വർഷങ്ങളിൽ കേരളം എന്ന ആവശ്യത്തിന് കൂടുതൽ ജനപിന്തുണ എല്ലാ കോണുകളിൽ നിന്നും ലഭിച്ചു. മലബാറിൽ നിന്ന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. 1937ലെ അഖിലകേരള വിദ്യാർഥി സമ്മേളനം ഐക്യകേരളംഎന്ന ആവശ്യത്തിന് ഉറച്ച പിന്തുണയാണ് നൽകിയത്. 1940തുകളിലാണ് ഐക്യകേരളം എന്ന ആവശ്യത്തിന് കൂടുതൽ കരുത്ത് പകരുന്ന മുന്നേറ്റങ്ങളുണ്ടായത്. 1945ൽ കെപിസിസിയുടെയും കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൻ്റെയും തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻ്റെയും സംയുക്തയോഗം ഐക്യകേരളം രൂപീകരണത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു. ഇതിൻ്റെ ഭാഗമായി 1947ൽ തൃശൂരിൽ ഐക്യകേരള കൺവെൻഷൻ നടത്തുകയും ചെയ്തു.


രാജ്യം സ്വാതന്ത്ര്യം നേടിയതോടെ കേളപ്പജിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി നെഹ്രുവിനെ കണ്ടു. കേരള സംസ്ഥാനം ഉടൻ നിലവിൽ വരണമെന്നായിരുന്നു ആവശ്യം. പരാതിയും ആവശ്യവും നെഹ്രു കേൾക്കുകയും ചെയ്തു. പിന്നാലെ ഭരണഘടന നിർമാണസഭ നിയമിച്ച ജസ്റ്റിസ് എസ് കെ ദാർ കമ്മീഷൻ ഭാഷാസംസ്ഥാന രൂപികരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കാൻ 1948ൽ കേരളത്തിലെത്തി. ദാർ കമ്മീഷൻ്റെ പഠന റിപ്പോർട്ട് ഐക്യകേരളം സമിതിക്ക് അനുകൂലമായിരുന്നു.ദാർ കമ്മീഷൻ ശുപാർശപ്രകാരം നാട്ടുരാജ്യങ്ങളയാ കൊച്ചിയും തിരുവതാംകൂറും സംയോജിക്കപ്പെടുകയും 1949 ജൂലൈയിൽ തിരു - കൊച്ചി സംസ്ഥാനം നിലവിൽ വന്നു. ഇതായിരുന്നു ഐക്യകേരളമെന്ന സ്വപ്നത്തിൻ്റെ ആദ്യ വിജയം. വർഷങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു. കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5 ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു. കേരള സംസ്ഥാനത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28നാണ് നടന്നത്. തെരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു. എല്ലാ പ്രിയ വായനക്കാർക്കും കേരളപ്പിറവി ആശംസകൾ 
Previous Post Next Post