വെറും മൂന്ന് സെക്കന്റ് മാത്രം നീളുന്ന ഫോണ്‍ കോളിലൂടെ നിങ്ങളുടെ ശബ്ദം ക്ലോണ്‍ ചെയ്യും; ആ ശബ്ദത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ ഫോണ്‍ ചെയ്യും; എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്



യു .കെ:  ബ്രിട്ടനില്‍ തട്ടിപ്പുകാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങിയതില്‍ ആശങ്ക രേഖപ്പെടുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍. ഇതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാന ബാങ്കുകളുടെയും ടെക് കമ്പനികളുടെയും ഒരു ഉന്നതതല യോഗം കഴിഞ്ഞയാഴ്ച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിളിച്ചു ചേര്‍ത്തതായും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആധുനിക സാങ്കേതിക വിദ്യ, പുതിയ തരം തട്ടിപ്പുകള്‍ക്ക് വഴി തെളിച്ചെക്കാമെന്നാണ് മുന്‍ നിര ബാങ്കുകളും ഫ്രോഡ് പ്രിവന്‍ഷന്‍ വിദഗ്ധരും ഭയപ്പെടുന്നത്.


ഗൂഗിള്‍, ചാറ്റ് ജി പി ടിയുടെനിര്‍മ്മാതാക്കളായ ഓപ്പണ്‍ എ ഐ, സാമൂഹിക മാധ്യമ ഭീമനായ മെറ്റ, എന്നിവര്‍ക്ക്, അവരുടെ സോഫ്റ്റ്വെയറുകള്‍ സാമൂഹിക വിരുദ്ധരുടെ കൈകളില്‍ പെടുന്നതിനെതിരെ കരുതലെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള കാലത്തെ തട്ടിപ്പുകള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതായിരിക്കും എന്നും എന്നിരുന്നാലും അതിനെ തടയാന്‍ കഴിയുമെന്നും ടെക് വിദഗ്ധരും പറയുന്നു.


യു കെ ഫിനാന്‍സിന്റെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം ബ്രിട്ടനില്‍ തട്ടിപ്പുകളുടെ ഒരു പ്രളയം തന്നെയുണ്ടായിട്ടുണ്ട്. 1.2 ബില്യന്‍ പൗണ്ടാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ട മൊത്തം പണം. ക്രിമിനലുകള്‍ നിര്‍മ്മിതി ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ തട്ടിപ്പുകളുടെ എണ്ണം കുതിച്ചുയരും എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ എ ഐ തട്ടിപ്പുകള്‍ ആരംഭിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.


സ്റ്റോപ് സ്‌കാംസ് യു കെയുടെ നേതൃത്വത്തില്‍ ചില ബാങ്കുകള്‍ തട്ടിപ്പു തടയുന്നതിനായി എ ഐ ഉപയോഗിച്ചു പ്രവ് അര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തട്ടിപ്പുകാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ബാങ്കുകള്‍, ടെക് കമ്പനികള്‍, ടെലികോം കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംഘത്തെയും തയ്യാറാക്കിയിട്ടുണ്ട്. എ ഐ ടെക്നോളജിക്ക് മനുഷ്യ ശബ്ദവും സന്ദേശവും അനുകരിക്കാന്‍ ആകും എന്നതിനാല്‍, തട്ടിപ്പുകാര്‍ ആ വഴിയാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. അതിനുള്ള മറു മരുന്നാണ് സ്റ്റോപ് സ്‌കാം യു കെ ചാറ്റ് ബൊട്ടിലൂടെ നല്‍കുന്നത്.

Previous Post Next Post