പിറന്നാളാഘോഷിക്കാൻ കൊച്ചിയിലെത്തി, ​ഗൂ​ഗിൾ മാപ്പ് ചതിച്ചു, റോഡ് തീർന്നതറിയാതെ മുന്നോട്ടെടുത്തു, നാടിനെ നടുക്കി യുവഡോക്ടർമാരുടെ മരണം



എറണാകുളം: പറവൂരിൽ യുവഡോക്ടർമ്മാരുടെ കാർ അപകടത്തിൽപ്പെട്ടത് പിറന്നാൾ ആഘോഷിച്ച് മടങ്ങവേ. ഗൂഗിൾ മാപ്പ് ഇട്ട് യാത്ര ചെയ്ത സംഘം റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. പറവൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാന്‍ എളുപ്പമാർഗ്ഗമാണ് ഗോതുരുത്ത് കടവാതുരുത്ത് വഴി. എന്നാൽ ഗോതുരുത്തില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടിയിരുന്ന ഇവർ ഗൂഗിൾ മാപ്പ് കാണിച്ച പ്രകാരം ‍ ഇടത്തോട് തിരിയാതെ വാഹനം നേരേ ഓടിച്ചുപോവുകയായിരുന്നു.ഇതോടെ കാർ നേരെ പുഴയിയിലേക്ക് മറിഞ്ഞു. അപകടത്തിൽ കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ ഒരു മെഡിക്കൽ വിദ്യാർഥിയും മെയിൽ നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് പ്രാധമിക വിവരം.

കൊടുങ്ങല്ലൂരിൽ ജോലി ചെയ്യുന്ന ഡോ. അദ്വൈദിന്റെ പിറന്നാൾ ആഘോഷിക്കാനാണ് ഇവർ കൊച്ചിയിലേക്ക് എത്തിയത്. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തിരികെ മടങ്ങവേയാണ് അപകടമുണ്ടായത്. രാത്രി 12 മണിക്കാണ് യുവഡോക്ടർമാരും ഒരു നഴ്സും അടങ്ങുന്ന യാത്രാ സംഘം അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേരെ സമീപത്ത് താമസിച്ചിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ പുഴയിൽ മുങ്ങി താഴ്ന്ന കാർ കണ്ടെത്താൻ പ്രയാസമായിരുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷം ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്ന് കാര്‍ കരയിൽ കയറ്റുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലര്‍ച്ചെ 3 മണിയോടെയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്താനായത്.
Previous Post Next Post