ഗസ്സയില്‍ അവശേഷിക്കുന്ന നാല് ഇന്ത്യാക്കാരെ ഇപ്പോള്‍ ഒഴിപ്പിക്കാന്‍ സാധിക്കില്ല; സ്ഥിതിഗതികള്‍ വളരെ മോശം; ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ ഒഴിപ്പിക്കും; ഭീകരവാദത്തെ നേരിടുന്നതില്‍ ഇസ്രയേലിനൊപ്പം നില്‍ക്കും; എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം



 ന്യൂഡല്‍ഹി: ഗസ്സയില്‍ അവശേഷിക്കുന്ന നാല് ഇന്ത്യാക്കാരെ ഇപ്പോള്‍ ഒഴിപ്പിക്കാന്‍ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അവിടുത്തെ സാഹചര്യം നിലവില്‍ അനുകൂലമല്ലെന്നും, അവരെ ഒഴിപ്പിക്കാന്‍ കിട്ടുന്ന ആദ്യ അവസരത്തില്‍, ഇന്ത്യയില്‍ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.


ഇന്ത്യാക്കാരില്‍ ഒരാള്‍ വെസ്റ്റ് ബാങ്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ ഏതെങ്കിലും, ഇന്ത്യാക്കാരന്‍ മരിക്കുകയോ, പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. നേരത്തെ ദക്ഷിണ ഇസ്രയേലിലെ അഷ്‌കലോണില്‍ ഇന്ത്യാക്കാരിയായ കെയര്‍ ഗിവര്‍ക്ക് പരിക്കേറ്റിരുന്നു. ഒക്ടോബര്‍ 7 ന് ഹമാസ് റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടപ്പോഴാണ് ഭര്‍ത്താവിനോട് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്ന യുവതിക്ക് പരിക്കേറ്റത്.


ഗസ്സയിലെ ആശുപത്രിക്ക് നേരേയുള്ള ആക്രമണത്തിന് പിന്നാലെ അവിടുത്തെ സാധാരണ പൗരന്മാരുടെ സുരക്ഷയില്‍ ഇന്ത്യയും ആശങ്ക പ്രകടിപ്പിട്ടുണ്ട്. ' നിങ്ങള്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടുകാണുമല്ലോ. പ്രധാനമന്ത്രി സാധാരണക്കാരുടെ മരണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും, കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ എല്ലാ തരത്തിലുള്ള അക്രമത്തെയും അപലപിക്കുന്നു', അരിന്ദം ബാഗ്ചി പറഞ്ഞു.


ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഉറച്ചു നില്ക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതില്‍ ഇസ്രയേലിനൊപ്പം നില്‍ക്കും. അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.


പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ തരം ഭീകരവാദത്തെയും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

Previous Post Next Post