ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്, പിന്നാലെ കഴുത്തറത്ത് ആത്മഹത്യ; കുന്നന്താനത്ത് നടുക്കം



പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തിരുവല്ല മല്ലപ്പള്ളി കുന്നന്താനത്താണ് സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടൻ നായരാണ് (48) ഭാര്യ ശ്രീജ മേനോനെ (38) കുത്തിയ ശേഷം കഴുത്തറത്ത് ആത്മഹത്യ ചെയ്തത്.വ്യാഴാഴ്ച പുലർച്ചയോടെ ശ്രീജയുടെ വീട്ടിലായിരുന്നു സംഭവം. പുലർച്ചെ വീട്ടിലെത്തിയ വേണുക്കുട്ടൻ ശ്രീജയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ മാതാപിതാക്കളാണ് മകളെ കുത്തേറ്റ നിലയിൽ കണ്ടത്. കഴുത്തിലും വയറിലും മുറിവേറ്റ നിലയിലായിരുന്നു വേണുക്കുട്ടൻ. ശ്രീജയെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞു. വേണുക്കുട്ടനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.കീഴ്വായ്പൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ടുമാസമായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു. വേണുക്കുട്ടന് ഗൾഫിലായിരുന്നു ജോലി. ശ്രീജ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഒരു മകളുണ്ട്. സംഭവത്തിൽ കീഴ്വായ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post