തേജിന് പിന്നാലെ ഹമൂൺ ചുഴലിക്കാറ്റും; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത



സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഉച്ചക്കുശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, അറബിക്കടലിൽ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി. ന്യൂനമർദ്ദം ഇന്ന് രാവിലയോടെ ചുഴലിക്കാറ്റായി മാറും. ഹമൂൺ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റായി മാറിയ ശേഷം പശ്ചിമബം​ഗാൾ, ബം​ഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്ത് കര തൊടും. കര തൊടും മുമ്പ് ദുര്‍ബലമാകും. കേരള തീരത്ത് ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചേക്കില്ലെന്നാണ് നി​ഗമനം. ഒരേസമയം രണ്ടു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് അപൂർവ പ്രതിഭാസമാണ്. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Previous Post Next Post