നവരാത്രി നിറവിൽ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം; സംഗീതോപാസനകള്‍ക്ക് തുടക്കം

 


കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബികയിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കലോപാസനകൾക്ക് തുടക്കമായി. ശനിയാഴ്ച രാവിലെ കലാമണ്ഠപത്തിൽ ചലച്ചിത്ര നടൻ ബാബു നമ്പൂതിരി ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കലോപാസന ഉദ്ഘാടന ചടങ്ങിൽ നടൻ ബാബു നമ്പൂതിരിയെ ദേവസ്വം പൊന്നാട അണിയിച്ചു ആദരിച്ചു. ദേവസ്വം മാനേജർ കെ എൻ നാരായണൻ നമ്പൂതിരി, അസി. മാനേജർ ശ്രീകുമാർ, അനുഭൂതി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന്, വൈക്കം ശിവഹരി ഭജൻസിന്‍റെ ഭജനും നടന്നു. നവരാത്രിയുടെ പ്രാരംഭദിനമായ ഞായറാഴ്ച ദേശീയ നൃത്ത സംഗീതോത്സവത്തിന് തുടക്കമാവും. ചലച്ചിത്ര ബാലതാരം ദേവനന്ദ വൈകിട്ട് ഏഴിന് ദീപം തെളിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. നൂറുകണക്കിന് ഭക്തജനങ്ങളാണ് ശനിയാഴ്ച പുലർച്ചെ മുതൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. 21ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് സാരസ്വതം സ്‌കോളര്‍ഷിപ്പും കച്ഛപി പുരസ്‌കാര വിതരണവും നടക്കും. 6.30ന് സംഗീത സരസ്വതി പുരസ്‌കാര സമര്‍പ്പണം നടക്കും. ദുര്‍ഗാഷ്ടമി ദിനമായ 22ന് വൈകിട്ട് 6.30ന് സരസ്വതി നടയില്‍ വെള്ളി അങ്കി സമര്‍പ്പണം നടക്കും.ശേഷം ദീപാരാധന, ഗ്രന്ഥമെഴുന്നള്ളിപ്പ്, പൂജവെയ്പ്പ് എന്നിവ നടക്കും. മഹാനവമി ദിനമായ 23ന് രാവിലെ ഏഴ് മണി മുതല്‍ സംഗീത സദസ് ആരംഭിക്കും. വിജയദശമി ദിനമായ 24ന് പുലര്‍ച്ചെ നാലിന് പൂജയെടുക്കും. ഇതിനുശേഷം വിദ്യാരംഭത്തിന് തുടക്കം കുറിക്കും. 30000ത്തോളം കുരുന്നുകൾ ഹരിശ്രീ കുറിക്കും.
Previous Post Next Post