സമുദ്രാതിർത്തിയിൽ അഭ്യാസത്തിനൊരുങ്ങി ചൈനീസ്- പാകിസ്താൻ കപ്പലുകൾ; നിരീക്ഷണം ശക്തമാക്കി ഇന്ത്യ


ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യൻ നാവിക സേന. മൂന്ന് യുദ്ധക്കപ്പലുകൾ, ഒരു അന്തർവാഹിനി, ഒരു ഗവേഷണ യാനം എന്നിവയാണ് ചൈന സമുദ്രാതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.

നവംബർ മാസത്തിൽ ഉത്തര അറബിക്കടലിൽ ചൈനീസ്- പാകിസ്താനി നാവിക സേനകൾ സംയുക്ത നാവികാഭ്യാസം പ്രഖ്യാപിച്ചിരിക്കുകയാണ്. നാവികാഭ്യാസത്തിനായി തയ്യാറായിക്കൊണ്ടിരിക്കുന്ന കപ്പലുകളുടെ മലാക്ക കടലിടുക്ക് മുതൽ പേർഷ്യൻ കടലിടുക്ക് വരെയുള്ള നീക്കം ഇന്ത്യൻ നാവിക സേന കൃത്യമായി പിന്തുടരുന്നതായാണ് റിപ്പോർട്ട്.

ചൈനീസ് ഗവേഷണ യാനമായ ഷി യാൻ-6, 140 പേരടങ്ങുന്ന ചൈനീസ് പടക്കപ്പലായ ഹായ് യാംഗ് 24 ഹാവൊ എന്നിവ കൊളംബൊ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കൊളംബൊ തുറമുഖത്ത് ചൈനീസ് കപ്പലുകളെ നങ്കൂരമിടാൻ അനുവദിക്കുന്നതിനെതിരെ ഇന്ത്യ പല തവണ ശ്രീലങ്കയെ അതൃപ്തി അറിയിച്ചിരുന്നു.

വലിയ ആന്റിനകളും ആധുനിക സെൻസറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ച് ചൈനീസ് ചാരക്കപ്പലുകൾ ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്തർവാഹിനികളുടെ നീക്കങ്ങൾക്കും സമുദ്രപാതകളുടെ നിരീക്ഷണത്തിനുമായി ചൈനീസ് നിരീക്ഷണ കപ്പലുകൾ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, പി-81 ദീർഘദൂര നാവിക നിരീക്ഷണ വിമാനം, അമേരിക്കയിൽ നിന്നും ലഭ്യമാക്കിയിരിക്കുന്ന ആയുധ സംവഹന ശേഷിയുള്ള പ്രിഡേറ്റർ ഡ്രോണുകൾ, നാവിക യാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇന്ത്യ സമുദ്രാതിർത്തിയിലെ സംശയാസ്പദമായ നീക്കങ്ങളെ നിരീക്ഷിക്കുന്നത് എന്നാണ് വിവരം.
Previous Post Next Post