കോട്ടയം പോലെ കേരള കോൺഗ്രസിന് പ്രിയപ്പെട്ട പത്തനംതിട്ട; ലോക്സഭ സീറ്റിൽ കണ്ണുവെച്ച് ജോസഫ്, മാണി വിഭാഗങ്ങൾ; യുഡിഎഫും എൽഡിഎഫും കനിയുമോ?



പത്തനംതിട്ട: കേരള കോൺഗ്രസിന് കോട്ടയം പോലെ പ്രിയപ്പെട്ടതാണ് പത്തനംതിട്ടയും. പാർട്ടിയുടെ വളർച്ചയിലും തളർച്ചയിലും ഒപ്പം നിന്ന ജില്ലയിലെ ലോക്സഭാ മണ്ഡലത്തിൽ ഇവർ കണ്ണുവെക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇക്കുറിയും എൽഡിഎഫിലും യുഡിഎഫിലും കോട്ടയം കഴിഞ്ഞാൽ മാണി, ജോസഫ് വിഭാഗങ്ങൾ ആവശ്യപ്പെടുന്ന മണ്ഡലം പത്തനംതിട്ടയാണ്.ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ പത്തനംതിട്ടയുടെ ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നപ്പോൾ ഫ്രാൻസിസ് ജോർജ് ഇവിടെനിന്ന് വിജയിച്ചിരുന്നു. അന്ന് ജില്ലയിലെ റാന്നി, പത്തനംതിട്ട നിയമസഭ മണ്ഡലങ്ങളാണ് ഇടുക്കിയിൽ ചേർത്തിരുന്നത്. ഈ രണ്ടു മണ്ഡലങ്ങളിലും കേരള കോൺഗ്രസ് വിജയിച്ചിട്ടുണ്ട്. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവായിരുന്ന വയല ഇടിക്കുള റാന്നിയിലും കെഎം മാണിയുടെ വിശ്വസ്തൻ ഡോ. ജോർജ് മാത്യു പത്തനംതിട്ടയിലും നിന്നാണ് നിയമസഭയിൽ എത്തിയത്.അന്ന് മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന തിരുവല്ലയിലെ കല്ലൂപ്പാറയിലും കേരള കോൺഗ്രസ് ആണ് വിജയിച്ചിരുന്നത്. മന്ത്രിയും നിയമസഭ സ്പീക്കറുമായിരുന്ന ടിഎസ് ജോൺ, പ്രമുഖ നേതാവ് ജോസഫ് എം പുതുശേരി തുടങ്ങിയവർ കല്ലൂപ്പാറയിൽനിന്ന് വിജയിച്ചിരുന്നു. ഇപ്പോൾ ഈ മണ്ഡലം തിരുവല്ലയോടും റാന്നിയോടും ചേർത്തു. മാമൻ മത്തായി, എലിസബത്ത് മാമൻ മത്തായി തുടങ്ങിയവർ തിരുവല്ലയെയും പ്രതിനിധീകരിച്ചിരുന്നു. ഇത്തരത്തിൽ കേരള കോൺഗ്രസിന് ഏറെ ബന്ധമുള്ള ജില്ലയും മണ്ഡലവുമാണ് പത്തനംതിട്ട.


ഇതിനുമപ്പുറം കേരള കോൺഗ്രസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചരൽകുന്ന് ക്യാമ്പ് സെന്റർ പത്തനംതിട്ട മണ്ഡലത്തിലാണ്. ചരൽകുന്നിൽ നടക്കുന്ന ഓരോ സമ്മേളനങ്ങൾക്ക് ശേഷമാകും പാർട്ടിയുടെ പിളർപ്പും ഒന്നിക്കലും ഉണ്ടാവുക. ക്യാമ്പ് സെന്റർ അറിയാതെ കേരള കോൺഗ്രസിന് ചരിത്രമില്ല എന്നാണ് പറയാറ്. കെഎം മാണി, പിജെ ജോസഫ്, ആർ ബാലകൃഷ്ണ പിള്ള, ടിഎം ജേക്കബ് തുടങ്ങി എല്ലാ നേതാക്കളും വർഷത്തിൽ ഒരിക്കലെങ്കിലും ഇവിടെ സമ്മേളങ്ങൾക്കായി എത്തിയിരുന്നു. ഇവരുടെ കൂട്ടായ്മ രൂപപ്പെടുന്നതും ഇവിടെയാണ്.ഇത്തരത്തിൽ സമ്മേളങ്ങൾ നടക്കുന്നതിനാൽ എല്ലാ ഘടകത്തിന്റെയും ജില്ലാ കമ്മറ്റികൾ സജീവമാണ്. ഇപ്പോഴും റാന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗമാണ്. ഈ സാഹചര്യത്തിലാണ് രണ്ടു മുന്നണികളിലും രണ്ടാമത്തെ സീറ്റിനായി പത്തനംതിട്ട ആവശ്യപ്പെടുന്നത്.മാണി വിഭാഗം സംസ്ഥാന ട്രഷറർ എൻഎം രാജു, ജോസഫ് വിഭാഗത്തിലെ മുൻ എംപിമാരായ കെ ഫ്രാൻസിസ് ജോർജ്, പിസി തോമസ്, ജോസഫ് എം പുതുശേരി തുടങ്ങിയവർ സീറ്റ് ലഭിച്ചാൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. സീറ്റ് കേരള കോൺഗ്രസുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ പഴയ പ്രതാപം ഇല്ലെന്നാണ് ഇടത് - വലത് മുന്നണി നേതൃത്വങ്ങളുടെ വിലയിരുത്തൽ. അതിനാൽ ആദ്യഘട്ടത്തിൽ ഇവരുടെ അവകാശവാദം മുന്നണി നേതൃത്വങ്ങൾ പരിഗണിക്കാൻ ഇടയില്ല. കോട്ടയം മണ്ഡലം മാറ്റം ഉണ്ടാവുകയോ രണ്ടാം സീറ്റ് എന്ന പരിഗണന ഉണ്ടാവുകയോ ചെയ്തെങ്കിൽ മാത്രമേ കേരള കോൺഗ്രസിന് സാധ്യതയുള്ളൂ എന്നുമാണ് മുന്നണി നേതൃത്വങ്ങൾ പറയുന്നത്.
Previous Post Next Post