കോട്ടയം സീറ്റിനുറച്ച് പിജെ ജോസഫ് വിഭാഗം; കൈപ്പത്തി തന്നെ വേണമെന്ന് പ്രാദേശിക നേതൃത്വം; സാധ്യതകൾ ഇങ്ങനെ



 കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിക്കുന്നതിനുമുന്നേ തന്നെ യുഡിഎഫിൽ ചർച്ചയായി കോട്ടയം സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം മത്സരിച്ച സീറ്റ് ഇത്തവണ ജോസഫ് ഗ്രൂപ്പിന് നൽകുമോ അതോ കോൺഗ്രസ് ഏറ്റെടുക്കുമോയെന്ന ചർച്ചകളാണ് നിലവിൽ ഉയരുന്നത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടതിനാൽ സീറ്റ് തങ്ങൾക്ക് വേണമെന്നാണ് ജോസഫ് ഗ്രൂപ്പ് പറയുന്നത്. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ വിജയ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്.മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ മണ്ഡലത്തിൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം കെപിസിസി നേതൃത്വത്തെ ഇവർ അറിയിച്ചിട്ടുണ്ട്. ജോസഫ് ഗ്രൂപ്പിന് കോട്ടയം സീറ്റ് നൽകുന്നത് അബദ്ധമാകും. ശക്തനായ സ്ഥാനാർഥിയെ അവതരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു.മുമ്പും പാർലമെന്‍റിലേക്ക് മത്സരിച്ചവരാണ് തങ്ങളെന്നും കോട്ടയം സീറ്റ് വേണമെന്നുമാണ് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പിസി തോമസ്‌ അവകാശപ്പെടുന്നത്. യുഡിഎഫ് യോഗത്തിൽ തങ്ങൾ ഇക്കാര്യം ഉന്നയിക്കുമെന്നും പിസി തോമസ് പറയുന്നു. പിജെ ജോസഫിനെ തന്നെ കോട്ടയത്ത് മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. അദ്ദേഹം തയ്യാറാകുന്നില്ലെങ്കിൽ പിസി തോമസോ ഫ്രാൻസിസ്‌ ജോർജോ ആകും ജനവിധി തേടുക.


മറുവശത്ത് ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരാണ് കോൺഗ്രസിൽ നിന്ന് ഉയർന്ന് കേൾക്കുന്നത്. ക്രൈസ്തവ വോട്ടർമാരെ പിടിച്ചുനിർത്താൻ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതിൽ തെറ്റില്ലെന്ന നിഗമനത്തിലായിരുന്നു കോൺഗ്രസ് നേതൃത്വം. മാണി വിഭാഗം യുഡിഎഫ്‌ വിട്ടതിനാൽ സീറ്റ് ജോസഫ് ഗ്രൂപ്പിന് നൽകുന്നതിൽ തെറ്റില്ലന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് പാർട്ടി പ്രാദേശിക നേതൃത്വം സീറ്റിനായി രംഗത്തെത്തിയത്.കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ ഡിസിസി ഉറച്ചുനിന്നാൽ കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ്‌ നൽകാമെന്ന ഒത്തുതീർപ്പിലേക്കാകും കാര്യങ്ങൾ എത്തുക. എന്നാൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനായി കരുക്കൾ നീക്കുന്ന നേതാക്കളുടെ പ്രതിഷേധത്തിനും ഇത് കാരണമായേക്കും.
Previous Post Next Post