ഈ സമയത്ത് ഈ സാരിയാണോ ഉടുക്കുന്നത്? തന്റെ മുത്തശിയുടെ പച്ചയും ചുവപ്പും നിറത്തിലുള്ള സാരി അവതാരക ധരിച്ചപ്പോള്‍ കലി കയറി ഇസ്രയേല്‍ പ്രതിനിധി; ഫലസ്തീന്‍ പതാകയുടെ നിറങ്ങള്‍ അതിഥിയെ അസ്വസ്ഥനാക്കിയപ്പോള്‍ ചുട്ട മറുപടി കൊടുത്ത് ശ്രേയയും



ന്നും ചെയ്യാന്‍ വയ്യാത്ത കാലമാണ്. പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ വരാം, വിശേഷിച്ച് ടിവി ആങ്കറാണെങ്കില്‍, അവതരണവും പ്രതികരണവും എല്ലാം സൂക്ഷിച്ചുവേണം. കാരണം സോഷ്യല്‍ മീഡിയ നോക്കിയിരിക്കുകയാണ് വായില്‍ നിന്ന് അബദ്ധമെന്തെങ്കിലും വീഴാന്‍. എന്നാല്‍, മിറര്‍ നൗ വിന്റെ അവതാരക ശ്രേയ ധൂന്‍ദയാലിന് എന്തെങ്കിലും പറഞ്ഞതിന്റെ പേരിലല്ല, ധരിച്ചിരുന്ന സാരിയുടെ നിറമാണ് പൊല്ലാപ്പായത്.


മുത്തശ്ശിയുടെ പച്ചയും, ചുവപ്പും നിറത്തിലുള്ള സാരിയാണ് ശ്രേയ ധരിച്ചിരുന്നത്. എന്നാല്‍, പരിപാടിയില്‍ അതിഥിയായി എത്തിയ ഇസ്രയേലി ഇന്റലിജന്‍സ് സ്പെഷ്യല്‍ ഫോഴ്സസ് അംഗം ഫ്രഡറിക് ലാന്‍ഡോയ്ക്ക് ശ്രേയയുടെ സാരി ഫലസ്തീന്റെ കൊടിയുടെ ചില നിറങ്ങളായാണ് തോന്നിയത്. അദ്ദേഹം അനിഷ്ടം മറച്ചുവച്ചില്ല. ചെറിയ ഒരു വാഗ്വാദം ഇതേ തുടര്‍ന്നുണ്ടായി.


'നീലയും വെള്ളയും എല്ലാകാലത്തും അതിജീവിക്കും' എന്നും ലാന്‍ഡോ ചര്‍ച്ചക്കിടെ ശ്രേയയോട് പറയുന്നുണ്ടായിരുന്നു. നീലയും വെള്ളയും നിറമാണ് ഇസ്രയേലി പതാകക്ക്. ഫല്സ്തീന്‍ പതാകയ്ക്ക് പച്ച, വെള്ള, ചുവപ്പ്, കറുപ്പ് നിറങ്ങളാണ്.


'ഫ്രഡറിക് നിറങ്ങളെ നമ്മള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുത്. പലപ്പോഴും എന്റെ രാജ്യത്തും ഇത് സംഭവിക്കുന്നുണ്ട്. ഞാന്‍ ധരിച്ചിരിക്കുന്ന വസ്ത്രം ഒരു സാരിയാണ്. അതെന്റെ മുത്തശ്ശിയുടേതാണ്. സാരിയുടെ നിറം ഏതെങ്കിലും പക്ഷത്തെ പിന്തുണക്കുന്നുവെന്നതിനെ സൂചിപ്പിക്കുന്നതല്ല, ശ്രേയ പറഞ്ഞു. അതിനോടും ഫ്രഡറിക് മര്യാദയോടെയല്ല പ്രതികരിച്ചത്. തന്റെ മുത്തശ്ശി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 105 വയസ് ആയിരുന്നേനെ എന്ന് ശ്രേയ പറഞ്ഞു ഇസ്രയേല്‍-ഹമാസ് തര്‍ക്കം എന്താണെന്ന് പോലും അവര്‍ക്കറിവുണ്ടാകില്ല' -ശ്രേയ പറഞ്ഞു.


സാരി മറ്റൊരവസരത്തിനുവേണ്ടി കരുതി വയ്ക്കൂ എന്നായിരുന്നു ഫ്രഡറിക്കിന്റെ പരിഹാസം. ഇതിന് ശ്രേയയുടെ മറുപടി ഇങ്ങനെ: 'ഇല്ല ഫ്രെഡറിക്, ഞാനെന്തു ധരിക്കണമെന്ന കാര്യം നിങ്ങളാണ് തീരുമാനിക്കുകയെന്നത് ഞാന്‍ അനുവദിക്കില്ല. അതുപോലെ ഞാനെന്തു പറയണമെന്നത് നിങ്ങള്‍ തീരുമാനിക്കുന്നതിനെയും ഞാന്‍ അനുവദിക്കാന്‍ പോകുന്നില്ല'.


മിറര്‍ നൗവിന്റെ എക്സ്‌ക്യൂട്ടീവ് എഡിറ്ററാണ് ശ്രേയ ധൂന്‍ദയാല്‍. പിന്നീട് ശ്രേയ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത് കുറിച്ചു:' മരിച്ചു പോയ എന്റെ മുത്തശ്ശിയുടെ സാരി ഇന്നുവൈകുന്നേരം ഇസ്രയേലില്‍ നിന്നുള്ള അതിഥിയെ അസ്വസ്ഥനാക്കി. ഇതാദ്യമായി എനിക്ക് എന്തുപറയണമെന്ന് അറിയാതെ പോയി'.


Previous Post Next Post