ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി… കയ്യൊഴിഞ്ഞ് ബിജെപി നേതൃത്വം….

ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ ചുമതലയിൽ നിന്നും മാറ്റിയ സംഭവത്തിൽ ഇടപെടേണ്ടെന്ന് ബിജെപി നേതൃത്വം. ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭ നടപടിയെടുത്തത്. വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇടുക്കി രൂപതയാണ് വൈദികനെതിരെ നടപടിയെടുത്തത്.

റോമന്‍ കത്തോലിക്ക സഭയുടെ നിയമപ്രകാരം പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സഭാ നിലപാട്. അരമനയില്‍ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഇന്നലെ പള്ളിയില്‍ വച്ച് വൈദികന് ബിജെപി നേതൃത്വം സ്വീകരണം നല്‍കിയിരുന്നു. 15 ദിവസത്തിന് മുന്‍പാണ് അംഗത്വം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം വിശദമാക്കുന്നത്. വൈദികന്റെ അനുമതിയോടെയാണ് ചിത്രം പുറത്ത് വിട്ടതെന്നും ബിജെപി പ്രാദേശിക നേതാക്കള്‍ വിശദമാക്കുന്നു.


Previous Post Next Post