ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്. ഡൽഹി പോലീസാണ് റെയ്ഡ് നടത്തുന്നത്. സീതാറാം യെച്ചൂരിക്ക് സർക്കാർ അനുവദിച്ച വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് റെയ്ഡ്. ന്യൂസ് ക്ളിക്കിന് ചൈനീസ് ഫണ്ടിംഗ് ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പരിശോധന നടത്തുന്നത്.
റെയ്ഡ് തുടരുന്ന ഡൽഹി പോലീസ് ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്. എഴുത്തുകാരി ഗീത ഹരിഹരൻ, സാഹിത്യകാരൻ ഹാഷ്മി എന്നിവരുടെ വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സയൻസ് ഫോറം ഭാരവാഹി ഡി രഘുനാഥൻ, സ്റ്റാൻഡ് അപ് കൊമേഡിയൻ സഞ്ജയ് രജൗര എന്നിവരാണ് കസ്റ്റഡിയിലായത്.
ഡൽഹി, നോയിഡ, ഗാസിയാബാദ് അടക്കം മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമൊക്കെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ്‌ക്ലിക്ക് മീഡിയ പോർട്ടലിന് വിദേശത്ത് നിന്ന് 38 കോടി രൂപയുടെ ഫണ്ട് ലഭിച്ചതായി 2021-ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു