ആഡംബര കാറിൽ ഡോക്ടറുടെ എംബ്ലം പതിച്ച് ഹാൻസ് കടത്ത് രണ്ട് പേർ പിടിയിൽ


തൃശൂര്‍: ഡോക്ടറുടെ എംബ്ലം പതിച്ച ആഡംബര കാറില്‍ കടത്തിയ അയ്യായിരത്തോളം ഹാന്‍സ് പായ്ക്കറ്റുമായി രണ്ട് പേരെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശികളായ കറുപ്പം വീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തേക്ക് വലിയ തോതില്‍ ലഹരിവസ്തുക്കള്‍ കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലേക്ക് ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിൽ നിന്നും വന്‍തോതില്‍ നിരോധിത ലഹരി വസ്തുക്കള്‍ ഇവര്‍ കടത്താറുണ്ട്.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിയ്യൂര്‍ പൊലീസ് പരിശോധന നടത്തിയത്. വിയ്യൂര്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇവരുടെ കാറില്‍ നിന്ന് ഏഴു ചാക്കുകളിലായി അയ്യായിരത്തോളം ഹാന്‍സ് പാക്കറ്റ് കണ്ടെടുത്തു. വാഹനത്തില്‍ ഡോക്ടര്‍ എംബ്ലം ഒട്ടിച്ചാണ് ലഹരി കടത്തിയത്. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് അവര്‍ വലിയൊരു സംഘമായി പ്രവര്‍ത്തിച്ചു വരുന്നതായി പൊലീസ് കണ്ടെത്തി.ഇവരുടെ കൂട്ടാളികള്‍ ഇനിയുമുണ്ട്. ഇവര്‍ ആഴ്ചയില്‍ മൂന്ന് തവണ ബംഗളൂരുവില്‍ പോയാണ് ലഹരിവസ്തുക്കള്‍ വാങ്ങുന്നത്. ഇത് ഒറ്റപ്പാലത്ത് ശേഖരിച്ചുവച്ച് കൂട്ടാളികളുമായി ചേര്‍ന്ന് വിവിധ കാറുകളിലായി തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലെ ഇടനിലക്കാര്‍ക്ക് ചാക്കുകളില്‍ എത്തിച്ചുകൊടുക്കുകയാണ് പതിവ്.പ്രതികളില്‍നിന്ന് ഏകദേശം 17000ത്തോളം രൂപയും മൊബൈല്‍ ഫോണുകളും ഒരു ലക്ഷം വില വരുന്ന ലഹരി ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. വിയ്യൂര്‍ എസ് എച്ച് ഒ കെ സി ബൈജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സി പി ഒമാരായ അജയ്‌ഘോഷ്, രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍ പി സി, ടോമി വൈ, ഡാന്‍സാഫ് സ്‌ക്വാഡിലെ എസ് ഐ ഗോപാലകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post