കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവീസ് നടത്താം; പച്ചക്കൊടി വീശി ഹൈക്കോടതി



 കൊച്ചി: കെഎസ്ആർടിസി നടത്തുന്ന ടൂർ പാക്കേജിന് ഹൈക്കോടതിയുടെ പച്ചക്കൊടി. ടൂർ പാക്കേജ് ചോദ്യംചെയ്ത് സ്വകാര്യ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റർമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ടൂർ പാക്കേജ് സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.കെഎസ്ആർടിസിക്ക് നൽകിയിട്ടുള്ള പെർമിറ്റ് പ്രകാരം പ്രത്യേക സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ സാധിക്കും. എന്നാൽ ഈ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ ഓപ്പറേറ്റർമാർക്ക് സാധിക്കില്ല. അതിനാൽ സ്വകാര്യ ഓപ്പറേറ്റർമാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിലാണ് ടൂർ പാക്കേജുകൾ നടത്തുന്നത്. മൂന്നാർ, വാഗമൺ, ഗവി, മലക്കപ്പാറ തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസി ഇപ്പോൾ ഉല്ലാസയാത്രകൾ നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലെയും ഡിപ്പോകളുടെ നേതൃത്വത്തിലാണ് പാക്കേജുകൾ നടത്തുന്നത്. ഭക്ഷണമടക്കം ഉൾപ്പെടുത്തിയുള്ള പാക്കേജുകളാണ് ഏറെയും. വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച പാക്കേജുകൾ യാത്രയെ സ്നേഹിക്കുന്നവരുടെ മനം കവർന്നതോടെ വളരെ വേഗം തന്നെ ഹിറ്റായി മാറുകയായിരുന്നു.കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനായി യാത്ര ഫ്യൂവൽസ് എന്ന പേരിൽ പെട്രോൾ പമ്പുകളും ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനവും നടത്തിവരുന്നുണ്ട്. 2023 ജൂൺ 15ന് ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം വൻ വിജയത്തിലേക്കെന്ന് കെഎസ്ആർടിസി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലുമാണ് കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്. വെറും 16 മണിക്കൂർ കൊണ്ട് കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ സാധിക്കുമെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്.

Previous Post Next Post