വിമാനമെത്താൻ വൈകില്ല; ശബരിമല വിമാനത്താവള പദ്ധതിയുടെ അലൈന്‍മെന്‍റ് ജോലികള്‍ നവംബറിൽ, ടെൻഡർ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി



തിരുവനന്തപുരം: എരുമേലിയിലെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികളുമായി സർക്കാർ. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.അലൈൻമെൻ്റ് ജോലികൾ നവംബറിൽ ആരംഭിച്ച് പദ്ധതി പ്രവർത്തനം വേഗത്തിലാക്കാനാണ് നിലവിലെ ശ്രമം. അലൈൻമെൻ്റ് ജോലികൾ ആരംഭിക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനാൽ കെഎസ്ഐഡിസി പത്രപ്പരസ്യം നൽകി. ടെൻഡർ നടപടികൾ ഒൺലൈൻ മുഖേനെ സമർപ്പിക്കാവുന്നതാണ്. ഈ മാസം 21വരെയാണ് ഓൺലൈനിലൂടെ ടെൻഡർ സമർപ്പിക്കാനുള്ള അവസരം.വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറിയാലുടൻ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന സൂചന സർക്കാർ നൽകിയിരുന്നു. ഇതനുസരിച്ചാണ് ടെൻഡർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണമെന്ന് പദ്ധതിയുടെ സാമൂഹികാത അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.


ശബരിമല വിമാനത്താവള പദ്ധതിക്കായി 3.500 മീറ്റർ നീള്ളത്തിലാണ് റൺവേ നിർമിക്കുക. വിമാനത്താവളത്തിൻ്റെ നിർമാണത്തിനും സമീപ വികസന പ്രവർത്തനങ്ങൾക്കുമായി കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 1039.876 ഹെക്ടർ (2,570 ഏക്കർ) ഭൂമി ഏറ്റെടുക്കണമെന്ന നിർദേശമാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കർ ഭൂമിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോർട്ട് പ്രകാരം പദ്ധതി 358 ഭൂവടമകളെ നേരിട്ട് ബാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. പദ്ധതി പ്രദേശത്തെ 149 വാർക്ക കെട്ടിടങ്ങളെയും ഷീറ്റിട്ട 74 കെട്ടിടങ്ങളെയും ഓടിട്ട് 30 കെട്ടിടങ്ങളെയും പദ്ധതി ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ 221 ലയങ്ങളെയും ബാധിക്കുമെന്ന് അന്തിമ സാമൂഹികാഘാത റിപ്പോർട്ടിൽ പറയുന്നുണ്ട്. ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലളികൾക്കായി സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്നും പദ്ധതി പരോക്ഷമായി ബാധിക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാരിന് ശുപാർശകൾ സമർപ്പിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു.
Previous Post Next Post