സൗദി പൗരന്മാര്‍ ആരും ലബനാനിലേക്ക് വരരുത്; നിലവിലുള്ളവര്‍ ഉടന്‍ ലബനാന്‍ വിട്ടുപോകണം; സ്വന്തം പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സൗദി അറേബ്യ



റിയാദ്:  നിലവില്‍ ലബനാനിലുള്ള സൗദി പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കി സൗദി അറേബ്യ. ലബനാനിലുള്ള സൗദി പൗരന്മാരോട് ഉടന്‍ മടങ്ങിപ്പോകാനാണ് സൗദി എംബസി ആവശ്യപ്പെട്ടത്. തെക്കന്‍ ലെബനാന്‍ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ സൗദി എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യാത്രാനിരോധനം പാലിക്കാന്‍ എല്ലാ പൗരന്മാരോടും എംബസി ആഹ്വാനം ചെയ്തു.


സൗദി പൗരന്മാര്‍ ആരും ലബനാനിലേക്ക് വരരുത്. നിലവിലുള്ളവര്‍ ഉടന്‍ ലബനാന്‍ വിട്ടുപോകുകയും വേണം. ലബനാനിലെ പൗരന്മാരോട് ജാഗ്രത പാലിക്കാനും ഒത്തുചേരലുകളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും എംബസി ആവശ്യപ്പെടുകയും ചെയ്തു. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ പൗരന്മാര്‍ ബന്ധപ്പെടണമെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു.


ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടത്തണമെന്നും ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൗദി മന്ത്രിസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റിയാദില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗസ്സയിലെ ജനങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.


അടിയന്തര വെടിനിര്‍ത്തലിനും ഗസ്സയിലെ ഉപരോധം പിന്‍വലിക്കുന്നതിനും സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും മന്ത്രിസഭ ആവശ്യപ്പെട്ടു. സുരക്ഷ കൗണ്‍സിലിന്റെയും ഐക്യരാഷ്ട്ര സഭയുടെയും പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭങ്ങള്‍ക്ക് അനുസൃതമായും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967 ലെ അതിര്‍ത്തിയില്‍ ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.


ഗസ്സയിലെയും പരിസരങ്ങളിലെയും വര്‍ധിച്ചുവരുന്ന സംഘര്‍ഷവും സൈനിക മുന്നേറ്റവും സംബന്ധിച്ച് സൗദിയും നിരവധി സഹോദര സൗഹൃദ രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഉള്ളടക്കം മന്ത്രിസഭ വിലയിരുത്തി.


തുര്‍ക്കി, ഇറാന്‍, ഫ്രഞ്ച് പ്രസിഡന്റുമാരില്‍ നിന്ന് കിരീടാവകാശിക്ക് ലഭിച്ച ഫോണ്‍ കോളുകളും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയും ഉള്‍പ്പെടെ മന്ത്രിസഭ ചര്‍ച്ച ചെയ്തു. പരിശോധനയ്ക്കും നിരീക്ഷണത്തിനും ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രതിരോധ വികസനത്തിനുള്ള ജനറല്‍ അഥോറിറ്റി സംഘടിപ്പിക്കാനും മന്ത്രിസഭ അനുമതി നല്‍കി.

Previous Post Next Post