അയോധ്യയിൽ നിർമിക്കുന്ന പള്ളിക്ക് പേരായി; ഉയരുന്നത് രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ്



 ലഖ്നൗ: അയോധ്യയിൽ നിർമിക്കുന്ന പുതിയ മുസ്ലീം പള്ളിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഓൾ ഇന്ത്യ റബ്ത ഇ മസ്ജിദ്. 9,000 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ പള്ളിക്ക് 'മുഹമ്മദ് ബിൻ അബ്ദുള്ള' എന്നാണ് പേര് നൽകിയിരിക്കുന്നത്. അയോധ്യാ തർക്കത്തിൽ സുപ്രീം കോടതി വിധിവന്ന് നാല് വർഷത്തിന് ശേഷമാണ് പുതിയ പള്ളിയുടെ പേരും രൂപകൽപ്പനയും പുറത്തുവിട്ടത്.ഓൾ ഇന്ത്യ റബ്ത ഇ മസാജിദിനെയും (പള്ളികളുടെ ശൃംഖല) ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനെയും പ്രതിനിധീകരിക്കുന്ന സംഘമാണ് പള്ളി നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. വ്യാഴാഴ്ച മുംബൈയിലെ രംഫ് ശാരദ ഹാളിൽ നടന്ന പൊതുയോഗത്തിലാണ് പള്ളിയുടെ പേരും രൂപകൽപനയും അനാവരണം ചെയ്തത്. ബാബറി മസ്ജിദ് പള്ളിക്ക് പകരമായിട്ടാണ് പുതിയ പള്ളി നിർമിക്കുകയെന്ന് സംഘം വ്യക്തമാക്കി.നേരത്തെ തീരുമാനിച്ച രൂപകൽപ്പനയ്ക്ക് എതിർപ്പ് ഉയർന്നതോടെയാണ് പുതിയ രൂപകൽപ്പന തയ്യാറാക്കിയതെന്ന് ഉത്തർപ്രദേശ സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖി പറഞ്ഞു. ചടങ്ങിൽ ഇസ്ലാമിലെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട മുതിർന്ന പുരോഹിതന്മാർക്ക് ഇഷ്ടിക കൈമാറി. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പള്ളിയുടെ പേരിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടായത്.


ആർക്കിടെക്റ്റ് ഇമ്രാൻ ഷെയ്ഖിനാണ് നിർമാണത്തിൻ്റെ മേൽനോട്ടം. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ദാനിപൂരിൽ അഞ്ച് ഏക്കർ ഭൂമിയിലാണ് പള്ളി നിർമിക്കുക. 4,500 ചതുരശ്ര മീറ്റർ വിസ്ത്രതിയിലാരിക്കും പള്ളിയുടെ നിർമാണം. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളായ ഹസ്രത്ത് അബൂബക്കർ, ഹസ്രത്ത് ഉമർ, ഹസ്രത്ത് ഉസ്മാൻ, ഹസ്രത്ത് അലി എന്നീ നാല് ഖലീഫമാരുടെയും പേരിലാണ് പള്ളിയുടെ അഞ്ച് കവാടങ്ങൾ അറിയപ്പെടുകകാൻസർ രോഗികകൾക്കായുള്ള ആശുപത്രി, മെറ്റേണിറ്റി ഹോസ്പിറ്റൽ, എഞ്ചിനീയറിംഗ്, മെഡിസിൻ, ലോ കോളേജുകൾ എന്നിവ നിർമിക്കാൻ ആറ് ഏക്കർ ഭൂമി അധികമായി വാങ്ങുമെന്ന് അധികൃതർ അറിയിച്ചു. മസ്ജിദ് സമുച്ചയത്തിൽ ലൈബ്രറി, മ്യൂസിയം, കോൺഫറൻസ് ഹാൾ, ഇൻഫർമേഷൻ സെന്റർ എന്നിവയുമുണ്ടാകും.

ബാന്ദ്രയിലെ ശാരദ ഹാളിൽ നടന്ന ചടങ്ങിൽ യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും ഇന്തോ - ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാനുമായ സുഫർ അഹമ്മദ് ഫാറൂഖി, മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനും ബിജെപി നേതാവുമായ ഹാജി അറഫാത്ത്, ആർക്കിടെക്റ്റ് ഇമ്രാൻ ഷെയ്ഖ്, അഭിനേതാക്കളായ റാസ മുറാദ്, ഷഹ്‌സാദ് ഖാൻ, രാജ്യത്തെ നിരവധി ദർഗകളുടെ തലവൻമാരും ഖാദിമാരും പങ്കെടുത്തു.ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികളൊന്നാകും ഇതെന്ന് യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു. നിമാണത്തിൻ്റെ മറ്റ് വിവരങ്ങൾ വൈകാതെ പങ്കുവെക്കും. പരമ്പരാഗത ഡിസൈനിലാകും പള്ളി നിർമാണം. മസ്ജിദ്, ആശുപത്രി, അടുക്കള, ലൈബ്രറി എന്നിവയുടെ നിർമാണത്തിനായി 300 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫണ്ട് ശേഖരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി. ഫണ്ട് സമാഹരണ യജ്ഞം വിജയിക്കുമെന്നാണ് പ്രതീക്ഷ. ഫണ്ട് സമാഹരിച്ചാലുടൻ മസ്ജിദിന്റെ നിർമാണം ആരംഭിക്കുമെന്നും ഫാറൂഖി പറഞ്ഞു.1992 ഡിസംബർ ആറിന് തകർക്കപ്പെട്ട ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് നിന്ന് 22 കിലോമീറ്റർ അകലെയാണ് പുതിയ പള്ളി ഉയരുന്നത്. അയോധ്യ കേസിൽ 2019 നവംബർ 9നാണ് സുപ്രീം കോടതി അന്തിമവിധി പറഞ്ഞത്. 2.77 ഏക്കർ ഭൂമി രാമജന്മഭൂമി ട്രസ്റ്റിന് നൽകുകയും മുസ്ലീം പള്ളി പണിയുന്നതിന് അഞ്ച് ഏക്കർ സ്ഥലം പകരം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയുമായിരുന്നു.
Previous Post Next Post