മലപ്പുറം: എടക്കരയിൽ കൈവശരേഖയ്ക്ക് 1,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് പിടിയിലായ വഴിക്കടവ് വില്ലേജ് ഓഫീസറുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടി വിജിലൻസ്.
വില്ലേജ് ഓഫീസർക്ക് വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലും ഗൂഡല്ലൂരിലും റിസോർട്ടുകളുണ്ടെന്നും പെരിന്തൽമണ്ണയിൽ സ്വന്തമായി ഫ്‌ളാറ്റുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
വില്ലേജ് ഓഫീസറായ കാളികാവ് സ്വദേശി ഭൂതംകോട്ടിൽ മുഹമ്മദ് സമീറിനെ കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസറുടെ കാളികാവിലെ വീട്ടിലും പെട്രോൾപമ്പിലും നടത്തിയ പരിശോധനയിൽ ഭൂമി ഇടപാടുകളും വൻ സാമ്പത്തിക ഇടപാടുകളും നടത്തിയതിന്റെ രേഖകൾ പിടിച്ചെടുത്തിരുന്നു.
സർവീസിലിരിക്കുന്ന സമയത്തുള്ള അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സർവീസിലിരിക്കെ അനധികൃതമായി വൻ സ്വത്ത് സമ്പാദിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് സംഘം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാനുള്ള രസീത് ബുക്ക് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.കളക്ടറേറ്റിൽ സൂക്ഷിക്കേണ്ട രസീത് ബുക്കാണ് വില്ലേജ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
35 ബാങ്ക് പാസ് ബുക്കുകളും നിരവധി മുദ്രപ്പത്രങ്ങളും അമ്പതോളം തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു. ചോക്കാട് വില്ലേജ് ഓഫിസറായിരുന്ന സമയത്ത് തോട്ടഭൂമി മുറിച്ചുവിൽക്കാൻ കൂട്ടുനിന്ന മുഹമ്മദ് സമീർ ചുങ്കത്തറ വില്ലേജ് ഓഫിസറായിരിക്കെ അഴിമതിയുമായി ബന്ധപ്പെട്ട് പത്തോളം പരാതികൾ ലഭിച്ചതായും വിജിലൻസ് അറിയിച്ചു.
ആശ്രിതനിയമനം വഴിയാണ് ഇയാൾ സർക്കാർ സർവീസിൽ പ്രവേശിച്ചത്. കേരളഎസ്റ്റേറ്റ്, കരുവാരക്കുണ്ട്, ചോക്കാട്, മമ്പാട്, പുള്ളിപ്പാടം, ചുങ്കത്തറ, വഴിക്കടവ് വില്ലേജുകളിൽ ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ഈ കാലയളവിലെ എല്ലാ ഇടപാടുകളും വിജിലൻസ് അന്വേഷിക്കും.
വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലാവും അന്വേഷണം. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ നടപടി ആരംഭിച്ചിട്ടുണ്ട്.