അബുദാബി: വൈദ്യചികിത്സയ്ക്കായി 1,000 പലസ്തീന്‍ കുട്ടികളെയും അവരുടെ കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിര്‍ദേശം നല്‍കി.ഗസയില്‍ കുടങ്ങിയ വിദേശികള്‍ക്ക് പുറത്തേക്ക് കടക്കുന്നതിനും പരിക്കേറ്റ സാധാരണക്കാര്‍ക്ക് വൈദ്യചികിത്സയ്ക്കു വേണ്ടിയും ഈജിപ്തിലെ റഫ ക്രോസിങ് തുറന്നതോടെയാണ് യുഎഇയുടെ പ്രഖ്യാപനം. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജാറിക്കും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തത്.ഗസ മുനമ്പിലെ സാധാരണക്കാര്‍ക്ക് വൈദ്യസഹായവും ഭക്ഷ്യവസ്തുക്കളും സുരക്ഷയും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശികവും അന്തര്‍ദേശീയവുമായ മാനുഷിക ഇടപെടലുകള്‍ തീവ്രമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് പ്രസിഡന്റ് അടിയന്തര നിര്‍ദേശം നല്‍കിയത്.