കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മാട്ടൂലില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് എഐ ക്യാമറയില്‍ കുടുങ്ങിയത് 155 തവണ. മാട്ടൂലിലെ എഐ ക്യാമറയില്‍ യുവാവ് ഹെല്‍മിറ്റല്ലാതെ സഞ്ചരിച്ചതിനാണ് തുടര്‍ച്ചയായി കുടുങ്ങിയത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി എംവിഡി വീട്ടില്‍ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്. മാട്ടൂല്‍ സ്വദേശിയായ യുവാവാണ് നിര്‍മിതിക്യാമറയുടെ കെണിയില്‍പ്പെട്ടത്. സംസ്ഥാനത്തു തന്നെ ഇത്രവലിയ പിഴയീടാക്കാന്‍ നോട്ടീസ് നല്‍കിയത് ആദ്യ സംഭവമാണ്.ഹെല്‍മെറ്റു ധരിക്കാതെ ബൈക്ക് ഓടിച്ചതിനു പുറമെ എഐ ക്യാമറയ്ക്കു മുന്‍പില്‍ നിന്നും പരിഹാസച്ചിരിയും ഗോഷ്ഠിക്കാണിക്കുകയും ചെയ്തുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇതേ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് മുന്നറിയിപ്പു സന്ദേശം അയക്കുകയും വീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല. ഇതു ഗൗനിക്കാതെ ഇയാള്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചുവെന്നാണ് പറയുന്നത്.ഒടുവില്‍ നിയമത്തെ വെല്ലുവിളിച്ച യുവാവിനെ തേടി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയെന്ന് മനസിലായത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി ബൈക്ക് വിറ്റാല്‍ പോലും ഈസംഖ്യ അടയ്ക്കാനാവില്ലെന്നു ഇയാള്‍കരഞ്ഞുകൊണ്ടു പറഞ്ഞുവെങ്കിലും നിയമത്തിന്റെ മുന്‍പില്‍ തങ്ങള്‍ നിസഹായരാണെന്നാണ് എംവിഡി അറിയിച്ചത്. ഒരുവര്‍ഷത്തേക്ക് ഇയാളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മാട്ടൂലില്‍ സ്ഥാപിച്ച എഐ ക്യാമറയ്ക്കു മുന്‍പിലായിരുന്നു യുവാവിന്റെവിളയാട്ടം.