ബെംഗളൂരു: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്ലാസ്റ്റിക് കുപ്പികളും പാഴ് വസ്തുക്കളും പെറുക്കി ഉപജീവനമാർഗം കണ്ടെത്തുന്നയാളാണ് 39 കാരനായ സലിമാന്‍. നവംബർ 3ന് പതിവുപോലെ ബെംഗളൂരുവിലെ നാഗവാര റെയില്‍വെ ട്രാക്കില്‍ ആക്രി പെറുക്കുകയായിരുന്നു യുവാവ്. അതിനിടെയാണ് ഒരു പാക്കറ്റ് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പുസ്തക കെട്ടാണെന്നാണ് ആദ്യം കരുതിയത്. വീട്ടിലെത്തി പൊതി തുറന്നപ്പോൾ കണ്ടെത്തിയത് 23 കെട്ട് യു.എസ് ഡോളർ. ഒപ്പം എന്തോ രാസവസ്തുവിന്‍റെ മണവും അനുഭവപ്പെട്ടു. പിന്നാലെ തനിക്ക് ശാരീരിക അസ്വസ്ഥത തോന്നിയെന്നും സലിമാന്‍ പറഞ്ഞു. സംഭവം ആരെ അറിയിക്കണമെന്ന് ഒരു പിടിയും കിട്ടിയില്ല. തന്‍റെ മുതലാളി അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഒന്നും കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലായി. പൊലീസിനോട് പറഞ്ഞാല്‍ താന്‍ കുറ്റക്കാരനാവുമോ എന്ന് പേടി തോന്നി. അങ്ങനെ പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകനായ കലിമുള്ളയെ സമീപിച്ചു.
കലിമുള്ള ഉടൻ തന്നെ സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദയെ വിളിച്ച് വിവരം പറഞ്ഞു. ഇത്രയും കറൻസി നോട്ടുകള്‍ കണ്ട് പൊലീസ് അമ്പരന്നുപോയി. ഉടൻ തന്നെ കമ്മീഷണര്‍ ഹെബ്ബാൾ പൊലീസ് ഇൻസ്പെക്ടറെ വിളിച്ചു. ഐക്യരാഷ്ട്ര സഭയുടെ പേരിലുള്ള ഒരു കുറിപ്പും കറന്‍സിക്കൊപ്പം ഉണ്ടായിരുന്നു. ദക്ഷിണ സുഡാനിലെ യുഎൻ സമാധാന സേനയ്ക്കുള്ള പണം എന്നാണ് എഴുതിയിരുന്നത്. ഇത് കള്ളനോട്ടുകളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നോട്ടുകെട്ടുകള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് (ആർബിഐ) അയച്ചെന്നും അവിടെയാണ് ഇക്കാര്യം അന്തിമമായി സ്ഥിരീകരിക്കേണ്ടതെന്നും പൊലീസ് പറഞ്ഞു.