പത്തനംതിട്ട: ആനക്കൂട്ടിലും 3 ഡി തീയേറ്റർ വരുന്നു. മലയോര വനമേഖല വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർ ഏറെ എത്തുന്ന കോന്നി എലിഫന്‍റ് വില്ലേജിലാണ് സന്ദർശകർക്കായി ആധുനിക 3 ഡി സംവിധാനങ്ങൾ ഉൾപ്പെടുത്തിയ തീയേറ്റർ. കോന്നി ആനക്കൂട്ടിൽ എത്തിച്ചേരുന്ന സന്ദർശകർക്ക് പുതിയ 3 ഡി തീയേറ്റർ നവ്യാനുഭവം ആയിരിക്കും. ആനക്കൂട്ടിൽ സ്ഥാപിച്ച 3 ഡി തീയേറ്റർ ഡിസംബർ ഒന്നിന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.കോന്നി ആനക്കൂട്ടിലെത്തിച്ചേരുന്ന സന്ദർശകർക്ക് 20 മിനിറ്റ് ദൈർഘ്യമുള്ള 3 ഡി വീഡിയോയിൽ കോന്നി ഇക്കോ ടൂറിസത്തെ സംബന്ധിച്ചുള്ള അറിവുകൾ നൽകുകയും 15 മിനിറ്റ് വിനോദോപാധിയായുമുള്ള ഹ്രസ്വ ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. 31 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പൂർണമായും ശീതികരിച്ച 3 ഡി തീയേറ്റർ നിർമിച്ചത്. 3 ഡി തീയേറ്ററിൽ 35 പേർക്ക് ഒരേസമയം ചിത്രങ്ങൾ കാണാം. എറണാകുളം ആസ്ഥാനമായുള്ള സ്വാകാര്യ സ്ഥാപനമാണ് 3 ഡി തീയേറ്റർ നിർമ്മാണപ്രവർത്തി ഏറ്റെടുത്തത്.അഡ്വ. കെയു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ കലക്ടർ എ ഷിബു ഐഎ എസ്, വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കമലാഹർ ഐഎഫ്എസ്, കോന്നി ഡിഎഫ്ഒ അയൂഷ് കുമാർ കോറി ഐഎഫ്എസ്, റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ്മ ഐഎഫ്എസ് തുടങ്ങിയവർ പങ്കെടുക്കും.